ഹൈദരാബാദ്: സ്‌പാനിഷ് കോച്ച് മനോലോ മാര്‍ക്വസിന് കീഴില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് കളത്തില്‍. ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഒരു വര്‍ഷമായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ ജയമില്ലാത്ത യാത്രയ്ക്ക് അവസാനം കുറിക്കാനുമെന്ന പ്രതീക്ഷയിലാണ് ടീമിറങ്ങുക. 2023 നവംബര്‍ 16ന് കുവൈത്തിനെതിരേയാണ് ഇന്ത്യ അവസാനമായി ഒരു മത്സരത്തില്‍ ജയമറിഞ്ഞത്.
2024ല്‍ ഇന്ത്യ കളിച്ചത് 10 മത്സരങ്ങളാണ്. അതില്‍ ആറ് എണ്ണത്തില്‍ തോറ്റപ്പോള്‍ നാലെണ്ണം സമനിലയില്‍ പിരിയുകയായിരുന്നു. മൂന്ന് കളികളാണ് പുതിയ കോച്ചിന് കീഴില്‍ ഇന്ത്യ കളത്തിലിറങ്ങിയത്. ഇതില്‍ ഒരു പരാജയവും രണ്ടു സമനിലയുമായിരുന്നു ഫലം.
10 മാസത്തെ ഇടവേളയ്ക്കുശേഷം ടീമിലെത്തുന്ന പ്രതിരോധ താരം സന്ദേശ് ജിങ്കന്‍ പ്രതീക്ഷയാണ്.കഴിഞ്ഞ 2024 ജനുവരിയില്‍ ഏഷ്യന്‍ കപ്പിലാണ് താരം അവസാനമായി ഇന്ത്യക്കായി ഇറങ്ങിയിരുന്നത്. ഗുര്‍പ്രീത് സിങ് ഇന്ത്യയുടെ വലകാക്കും. അപ്പൂയയും സുരേഷ് സിങ്ങും ബ്രാന്‍ഡനും മധ്യനിരയിലും ചാങ്‌തെ, ഫാറൂഖ് ചൗധരിയും മുന്നേറ്റത്തിലും രാഹുല്‍ ബെക്കെയും അന്‍വര്‍ അലിയും ജിങ്കനൊപ്പം പ്രതിരോധനിരയിലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.
കഴിഞ്ഞ മാസം വിയറ്റ്‌നാമിനെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ലാവോസിനെ 3-1ന് പരാജയപ്പെടുത്തിയാണ് മലേഷ്യയെത്തുന്നത്. അവസാന 5 മത്സരങ്ങളില്‍ 3 സമനിലയും 2 തോല്‍വിയുമാണ് ഇന്ത്യയുടെ സമ്പാദ്യമെങ്കില്‍ 5 കളികളില്‍ നാലും ജയിച്ചാണ് മലേഷ്യ എത്തുന്നത്.