കേരളം

kerala

ETV Bharat / sports

'തീക്കാറ്റ്' പോലൊരു പന്തില്‍ 'സീൻ' ആകെ മാറി; അരങ്ങേറ്റത്തിന് പിന്നാലെ മായങ്ക് യാദവിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം - Former Players Praised Mayank Yadav - FORMER PLAYERS PRAISED MAYANK YADAV

ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ വേഗം കൊണ്ട് കാണികളെ അമ്പരപ്പിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് യുവ പേസര്‍ മായങ്ക് യാദവിനെ വാനോളം പുകഴ്‌ത്തി മുൻ താരങ്ങള്‍.

MAYANK YADAV  MAYANK YADAV FASTEST BALL  IPL 2024  MAYANK YADAV BOWLING
MAYANK YADAV

By ETV Bharat Kerala Team

Published : Mar 31, 2024, 1:39 PM IST

ലഖ്‌നൗ :ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ യുവതാരം മായങ്ക് യാദവ്. നാല് ഓവര്‍ പന്തെറിഞ്ഞ് 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റായിരുന്നു ആദ്യ കളിയില്‍ മായങ്ക് പോക്കറ്റിലാക്കിയത്. വിക്കറ്റ് നേടുന്നതിനൊപ്പം പേസും ബൗണ്‍സും കൊണ്ട് കൂടിയാണ് 21കാരനായ താരം ആദ്യ കളിയില്‍ തന്നെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചത്.

ഇന്ത്യൻ പ്രീമിയര്‍ ലീഗിന്‍റെ പതിനേഴാം പതിപ്പില്‍ പഞ്ചാബിനെതിരായ ലഖ്‌നൗവിന്‍റെ ജയത്തില്‍ നിര്‍ണായകമായ പ്രകടനമാണ് മായങ്ക് കാഴ്‌ചവച്ചത്. മത്സരത്തില്‍ മായങ്ക് പന്തെറിയാൻ എത്തുമ്പോള്‍ 9 ഓവറില്‍ 88-0 എന്ന നിലയിലായിരുന്നു പഞ്ചാബ്. ആദ്യ ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്തെങ്കിലും പിന്നീടുള്ള മൂന്ന് ഓവറുകലില്‍ എക്കണോമിക്കലായി പന്തെറിഞ്ഞ് മൂന്ന് വിക്കറ്റും നേടി കളിയുടെ വിധിമാറ്റാൻ മായങ്ക് യാദവിന് സാധിച്ചു.

കൂടാതെ, ഈ സീസണിലെ ഏറ്റവും വേഗതയാര്‍ന്ന പന്തും താരം പഞ്ചാബിനെതിരെ എറിഞ്ഞു. തുടര്‍ച്ചയായി 145നും 150നും മുകളില്‍ വേഗത്തില്‍ പന്തെറിഞ്ഞ താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്‌ദരും.

ഇന്ത്യ തങ്ങളുടെ വേഗമേറിയ ബൗളറെ കണ്ടെത്തിയെന്നാണ് പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം മായങ്കിനെ കുറിച്ച് ഓസീസ് ഇതിഹാസ താരം ബ്രെട്ട് ലീ പറഞ്ഞത്. മതിപ്പുളവാക്കുന്ന പ്രകടനമാണ് 21കാരൻ കാഴ്‌ചവച്ചതെന്നും ലീ അഭിപ്രായപ്പെട്ടു. ഇത്രയും നാള്‍ മായങ്ക് എവിടെയായിരുന്നുവെന്ന ചോദ്യവുമായിട്ടാണ് ദക്ഷിണാഫ്രിക്കൻ മുൻ താരം ഡെയ്‌ല്‍ സ്റ്റെയ്ൻ രംഗത്തെത്തിയത്.

എന്തൊരു പ്രതിഭാസമാണ് മായങ്ക് എന്നായിരുന്നു ഹര്‍ഭജൻ സിങ്ങിന്‍റെ അഭിപ്രായം. മായങ്കിന് എത്രയും വേഗത്തില്‍ ഇന്ത്യൻ ടീമില്‍ കളിക്കാൻ സാധിക്കട്ടെയെന്നും ഹര്‍ഭജൻ പറഞ്ഞു. അസാമാന്യ വേഗത്തില്‍ പന്തെറിയാൻ കെല്‍പുള്ള മായങ്ക് ഈ സീസണില്‍ ലഖ്‌നൗവിന്‍റെ കണ്ടുപിടിത്തമാണെന്നായിരുന്നു മുൻ ഇന്ത്യൻ താരം ഇര്‍ഫാൻ പഠാൻ അഭിപ്രായപ്പെട്ടത്.

അതേസമയം, പഞ്ചാബ് കിങ്‌സ് ക്യാപ്‌റ്റൻ ശിഖര്‍ ധവാനെതിരെയായിരുന്നു മായങ്ക് യാദവ് ഈ സീസണിലെ വേഗതയാര്‍ന്ന പന്തെറിഞ്ഞത്. 12-ാം ഓവറിലെ ആദ്യ പന്ത് 155.8 കിമീ വേഗത്തില്‍ പന്തെറിഞ്ഞായിരുന്നു താരം ഐപിഎല്ലിലേക്കുള്ള വരവറിയിച്ചത്. മത്സരത്തില്‍ 200 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന്‍റെ ഒന്നാം വിക്കറ്റിലെ ശിഖര്‍ ധവാൻ - ജോണി ബെയര്‍സ്റ്റോ സെഞ്ച്വറി കൂട്ടുകെട്ട് മായങ്ക് തകര്‍ത്തതും ഇതേ ഓവറിലായിരുന്നു. പിന്നീട്, അടുത്ത ഓവറുകളില്‍ പ്രഭ്‌സിമ്രാൻ സിങ്, ജിതേഷ് ശര്‍മ എന്നിവരുടെയും വിക്കറ്റുകളാണ് മായങ്ക് നേടിയത്.

Also Read :

  1. മണിക്കൂറില്‍ 156 കിലോമീറ്റര്‍, കുറഞ്ഞ വേഗം 139..!; പഞ്ചാബിനെതിരെ ജയം എറിഞ്ഞ് പിടിച്ച് മായങ്ക് യാദവ് - Mayank Yadav IPL Debut
  2. അരങ്ങേറ്റത്തില്‍ 'മിന്നല്‍ വേഗം', പഞ്ചാബിനെ പൂട്ടിയ ലഖ്‌നൗ പേസര്‍; അറിയാം മായങ്ക് യാദവ് ആരാണെന്ന്... - Who Is Mayank Yadav

ABOUT THE AUTHOR

...view details