ഫുട്ബോൾ ഗ്ലോബൽ പ്ലെയേഴ്‌സ് അസോസിയേഷനായ ഫിഫ്പ്രോയുടെ ലോക ഇലവനിൽ ഇത്തവണ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കും ലയണൽ മെസ്സിക്കും ഇടം പിടിക്കാനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
17 വർഷത്തിനിടെ ഇതാദ്യമായാണ് മെസി അന്തിമ ഫിഫ്പ്രോ വേൾഡ് ഇലവൻ ടീമിൽ ഇടം നേടാതെ പോകുന്നത്. റൊണോയാകട്ടെ 2023-ന് മുമ്പ് 16 വർഷം ടീമിന്‍റെ ഭാഗമായിരുന്നു. 2006-ലാണ് മെസി അവസാനമായി ഇലവന്‍റെ ഭാഗമാകാതിരുന്നത്.
2023-24 സീസണില്‍ മേജർ ലീഗ് സോക്കറിൽ ഇന്‍റർ മിയാമിക്ക് വേണ്ടി കളിക്കുന്ന മെസി, കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ അർജന്‍റീനയെ സഹായിച്ചു. 2024ല്‍ ഇന്‍റർ മിയാമിയെ സപ്പോർട്ടേഴ്‌സ് ഷീൽഡ് കിരീടത്തിലേക്കും മെസി നയിച്ചു. കൂടാതെ മിയാമിക്കായി 23 ഗോളുകളും 13 അസിസ്റ്റുകളും നൽകി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
അതേസമയം ലിവർപൂളിന്‍റെ മുഹമ്മദ് സലായും അവസാന ഇലവൻ ടീമിൽ ഇടം നേടിയില്ല. ആറ് റയൽ മാഡ്രിഡ് താരങ്ങളും, നാല് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളും ഇലവനിൽ ഉള്‍പ്പെട്ടുവെന്നതാണ് പ്രത്യേകത. റയലിന്‍റെ ഫ്രഞ്ച് ഫോർവേഡ് കൈലിയൻ എംബാപെ പട്ടികയിൽ ഇടം നേടി.
താരത്തെ കൂടാതെ, റയൽ മാഡ്രിഡ് സഹതാരം ജൂഡ് ബെല്ലിംഗ്ഹാം, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലൻഡ്, ബാലൺ ഡി ഓർ ജേതാവ് റോഡ്രി, സിറ്റി ടീമംഗം എഡേഴ്‌സൺ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ കളിക്കാർ.
ടോണി ക്രൂസ്, അൻന്‍റോണിയോ റൂഡിഗർ, ഡാനി കാർവാജൽ എന്നിവരും ലോക ഇലവന്‍റെ അന്തിമ പട്ടികയിൽ കയറി. മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സയുടെ കൗമാര താരം ലാമിൻ യമാലിന് അന്തിമ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞില്ല.
ഫിഫ്പ്രോ 2024 ലോക ഇലവന്‍ ടീം:
ഗോൾകീപ്പർ: എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി, ബ്രസീൽ). ഡിഫൻഡർമാർ:ഡാനി കാർവാജൽ (റയൽ മാഡ്രിഡ്, സ്‌പെയിൻ), വിർജിൽ വാൻ ഡിക്ക് (ലിവർപൂൾ, നെതർലാൻഡ്‌സ്), അന്‍റോണിയോ റൂഡിഗർ (റയൽ മാഡ്രിഡ്, ജർമ്മനി). മിഡ്‌ഫീല്‍ഡർമാർ: ജൂഡ് ബെല്ലിംഗ്ഹാം (റയൽ മാഡ്രിഡ്, ഇംഗ്ലണ്ട്), കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി, ബെൽജിയം), ടോണി ക്രൂസ് (റയൽ മാഡ്രിഡ്, ജർമ്മനി), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി, സ്പെയിൻ). ഫോർവേഡുകൾ: എർലിങ് ഹാലൻഡ് (മാഞ്ചസ്റ്റർ സിറ്റി, നോർവേ), കൈലിയൻ എംബാപ്പെ (പാരീസ് സെന്‍റ് ജെർമെയ്ൻ/റയൽ മാഡ്രിഡ്, ഫ്രാൻസ്), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്, ബ്രസീൽ).
Also Read:മാറിമറിയുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ സാധ്യതകള്‍; ഇന്ത്യയുടെ ഫൈനല്‍ സമവാക്യമറിയാം