കേരളം

kerala

ETV Bharat / sports

'90 മിനിറ്റ്' അടിയും തിരിച്ചടിയും ഉറപ്പ്; യൂറോയിലെ കലാശക്കളിയില്‍ കരുതിയിരിക്കാം ഇവരെ - Key Battles In Euro Cup Final 2024 - KEY BATTLES IN EURO CUP FINAL 2024

ജൂലൈ 15നാണ് സ്പെയിനും ഇംഗ്ലണ്ടും തമ്മിലേറ്റുമുട്ടുന്ന യൂറോ കപ്പിലെ കലാശപ്പോരാട്ടം. ബെര്‍ലിനില്‍ ഇരു ടീമും പന്ത് തട്ടാനിറങ്ങുമ്പോള്‍ കരുതിയിരിക്കേണ്ട ചില താരങ്ങളുടെ പോരാട്ടം നോക്കാം.

SPAIN VS ENGLAND  EURO CUP 2024  യൂറോ കപ്പ്  ലമീൻ യമാല്‍ ഹാരി കെയ്‌ൻ
KEY BATTLES IN EURO CUP FINAL 2024 (AP)

By ETV Bharat Kerala Team

Published : Jul 12, 2024, 2:45 PM IST

യൂറോപ്യൻ ഫുട്‌ബോളിന്‍റെ രാജാക്കന്മാരുടെ പട്ടാഭിഷേകത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ബെര്‍ലിനിലെ കളിമുറ്റത്ത് അരങ്ങേറുന്ന കലാശപ്പോരാട്ടത്തില്‍ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലേറ്റുമുട്ടാനിറങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതം. യൂറോയില്‍ ഇത് മൂന്നാം വട്ടമാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരിനിറങ്ങനൊരുങ്ങുന്നത്.

1980ലായിരുന്നു യൂറോയില്‍ രണ്ട് ടീമുകളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ച. അന്ന് സ്പാനിഷ് പടയ്‌ക്കെതിരെ 2-1ന്‍റെ ജയം നേടിയാണ് ഇംഗ്ലണ്ട് മടങ്ങിയത്. 1996ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയും ഇംഗ്ലണ്ട് ജയം ആവര്‍ത്തിക്കുകയായിരുന്നു.

മൂന്നാം അങ്കത്തിലെങ്കിലും ഇംഗ്ലണ്ടിനെ വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് സ്പെയിൻ. യുവനിരയിലാണ് ടീമിന്‍റെ കരുത്ത്. സെമി ഫൈനലില്‍ കരുത്തരായ ഫ്രാൻസിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവും ടീമിനുണ്ട്. മറുവശത്ത്, ജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. സെമി ഫൈനലില്‍ നെതര്‍ലൻഡ്‌സിനെതിരെയായിരുന്നു അവരുടെ ജയം. 2-1 എന്ന സ്കോറിനായിരുന്നു ഇംഗ്ലണ്ട് അവസാന നാലില്‍ നിന്നും ജയിച്ചുകയറിയത്.

തോല്‍ക്കാത്ത സ്പെയിൻ:ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് പലരും നല്‍കുന്ന ഏക ഉത്തരം സ്പെയിൻ എന്നായിരിക്കും. കാരണം, ടൂര്‍ണമെന്‍റില്‍ ഉടനീളം യുവനിരയുടെ കരുത്തില്‍ ആധിപത്യം പുലര്‍ത്താൻ അവര്‍ക്കായിട്ടുണ്ട്. കളിച്ച മത്സരങ്ങളില്‍ എല്ലാം ജയം നേടിയാണ് സ്പാനിഷ് പട യൂറോ കപ്പിന്‍റെ ഫൈനലിനെത്തിയിരിക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്നും സ്പെയിൻ അടിച്ചെടുത്തതാകട്ടെ 13 ഗോളുകള്‍. ഗോള്‍ വേട്ടയില്‍ അവരുടെ സ്വന്തം റെക്കോഡിനൊപ്പം.

കൈവിട്ട കിരീടം തേടി ഇംഗ്ലണ്ട്:യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍. കഴിഞ്ഞ തവണ ഐതിഹാസികമായ വെംബ്ലി സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങിയ ഇംഗ്ലണ്ട് അസൂറിപ്പടയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി വഴങ്ങുകയായിരുന്നു. അന്ന്, കൈവിട്ട ആ കിരീടം ഇത്തവണ സ്‌പാനിഷ് സംഘത്തെ വീഴ്‌ത്തി നേടാനാണ് ഗാരത് സൗത്ത്‌ഗേറ്റിന്‍റെയും കൂട്ടരുടെയും വരവ്. ആറ് മത്സരം കളിച്ച ടീം മൂന്ന് കളിയില്‍ ജയിക്കുകയും മൂന്നെണ്ണത്തില്‍ സമനില വഴങ്ങുകയുമാണ് ചെയ്‌തത്.

ഇവരുടെ പോരാട്ടം കാണാൻ ആരാധകര്‍

ഹാരി കെയ്‌ൻ vs ഉനായ് സിമോണ്‍ :ടൂര്‍ണമെന്‍റിലെ ഗോള്‍ വേട്ടക്കാരില്‍ മുൻപന്തിയിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്‌ൻ. ആറ് കളിയില്‍ നിന്നും മൂന്ന് ഗോളുകളാണ് ഇംഗ്ലീഷ് നായകൻ എതിരാളികളുടെ വലയില്‍ എത്തിച്ചിട്ടുള്ളത്. സ്‌പെയിനെതിരായ കലാശക്കളിയില്‍ ഒരു ഗോള്‍ നേടാനായാല്‍ ഗോള്‍ഡൻ ബൂട്ടിനരികിലേക്ക് കെയ്‌ന് എത്താം.

ഹാരി കെയ്‌ന്‍റെ ഗോള്‍ഡൻ ബൂട്ട് പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയാകുക എന്ന ദൗത്യവുമായിട്ടാകും സ്‌പാനിഷ് ഗോള്‍ കീപ്പര്‍ ഉനായ് സിമോണ്‍ ഫൈനലിന് കളത്തിലിറങ്ങുക. ആറ് മത്സരം കളിച്ച താരം പത്ത് സേവുകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്. ഫൈനലില്‍ പ്രതിരോധ നിരയുടെ പിന്തുണയും സിമോണിന് ലഭിച്ചാല്‍ ഗോള്‍ഡൻ ബൂട്ടിലേക്ക് എത്താൻ ഹാരി കെയ്‌ന് അല്‍പം ബുദ്ധിമുട്ടേണ്ടി വന്നേക്കാം.

ലമീൻ യമാല്‍ vs കീറൻ ട്രിപ്പിയര്‍ :യൂറോയിലെ പ്രകടനം കൊണ്ട് 16കാരൻ ലമീൻ യമാലിന് ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള കാല്‍പ്പന്ത് പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കാനായിട്ടുണ്ട്. ഫൈനല്‍ വരെയുള്ള സ്പെയിന്‍റെ കുതിപ്പില്‍ നിര്‍ണായക പ്രകടനമാണ് താരം കാഴ്‌ചവച്ചിട്ടുള്ളത്. വിങ്ങിലൂടെ യമാല്‍ നടത്തുന്ന നീക്കം പലപ്പോഴും എതിരാളികളെ നിഷ്‌ഭ്രമമാക്കുന്ന കാഴ്‌ച ഈ ടൂര്‍ണമെന്‍റില്‍ തന്നെ പലകുറി നാം കണ്ടതാണ്.

വിങ്ങിലൂടെയുള്ള സ്‌പാനിഷ് താരത്തിന്‍റെ നീക്കങ്ങള്‍ തടയുക എന്ന ലക്ഷ്യവുമായിട്ടാകും ഇംഗ്ലണ്ടിന്‍റെ ലെഫ്‌റ്റ് ബാക്ക് കീറൻ ട്രിപ്പിയര്‍ കളത്തിലേക്കിറങ്ങുക. 16കാരനെ അനങ്ങാൻ വിടാതെ പൂട്ടാനായിരിക്കും ഫൈനലില്‍ 33കാരനായ താരത്തിന്‍റെ ശ്രമം. മൈതാനത്ത് ഇവര്‍ ഇരുവരും തമ്മിലുള്ള പോരാട്ടവും കലാശക്കളിയുടെ ആവേശം ഉയര്‍ത്തുന്നതാണ്.

ഡാനി ഓല്‍മോ vs ഡെക്ലാൻ റൈസ്:സ്‌പെയിൻ ഇംഗ്ലണ്ട് ഫൈനലില്‍ കരുതിയിരിക്കേണ്ട താരങ്ങളാണ് ഇരു ടീമുകളുടെയും മിഡ് ഫീല്‍ഡര്‍മാരായ ഡാനി ഓല്‍മോയും ഡെക്ലാൻ റൈസും. ഗോള്‍ഡൻ ബൂട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചാകും മത്സരത്തിന് സ്പെയിന്‍റെ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ ഓല്‍മോ കളത്തിലിറങ്ങുക. ഗോള്‍ ലക്ഷ്യമിട്ട് കുതിക്കുന്ന ഓല്‍മോയെ തടയുക എന്നതാകും മത്സരത്തില്‍ ഡെക്ലാൻ റൈസിന്‍റെ ചുമതല. മത്സരത്തിന്‍റെ ഫലത്തെ തന്നെ നിര്‍ണയിക്കുന്ന ഒരു പോരാട്ടമായിരിക്കും ഇവര്‍ ഇരുവരും തമ്മില്‍.

ABOUT THE AUTHOR

...view details