മ്യൂണിക് : ലാമിൻ യമാലും ഡാനി ഒല്‍മോയും നിറഞ്ഞാടിയ മത്സരത്തിൽ ഫ്രാൻസിനെ തകർത്ത് സ്‌പാനിഷ് സംഘം യൂറോകപ്പ് ഫൈനലിൽ. കിലിയൻ എംബാപെയുടെ ടീമിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിനിന്‍റെ വിജയം. ആദ്യപതിയുടെ ഒൻപതാം മിനിറ്റിൽ സ്പെയിനിന്‍റെ ഗോൾ വല കുലുക്കി ഫ്രാൻസ് പട മുന്നിലെത്തിയെങ്കിലും അധികം വൈകാതെ തന്നെ സ്പെയിൻ തിരിച്ചടിക്കുകയായിരുന്നു.
21 -ാം മിനിറ്റിൽ ലാമിൻ യമാലിന്‍റെ ഗോൾ സ്പെയിനിനെ ഫ്രാൻസിനോടൊപ്പമെത്തിച്ചു. 25 -ാം മിനിറ്റിൽ ഡാനി ഒല്‍മോയുടെ ഗോളിലൂടെ ലീഡുറപ്പിച്ച സ്പെയിനിനുമുന്നിൽ തോൽവി വഴങ്ങുകയായിരുന്നു ഫ്രാൻസ്. യൂറോയുടെ ചരിത്രത്തിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡ് നേട്ടത്തോട് കൂടിയാണ് സ്പെയിൻ ഫൈനലിൽ കടന്നത്.
അഞ്ചാം തവണയാണ് സ്പെയിൻ യൂറോകപ്പ് ഫൈനലിൽ എത്തുന്നത്. 2012 ൽ യൂറോ കപ്പ് നേടിയ ശേഷം ആദ്യമായാണ് സ്പെയിൻ ഫൈനലിലെത്തുന്നത്. ഗോൾ നേടിയതോടെ യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററെന്ന റെക്കോഡ് 16 കാരനായ ലാമിന്‍ യമാല്‍ സ്വന്തമാക്കി. പെനാല്‍റ്റി ഏരിയക്ക് പുറത്ത് ഫ്രഞ്ച് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്‌ത് തൊടുത്ത യമാലിന്‍റെ ഷോട്ട് വലയില്‍ കയറുകയായിരുന്നു.