ഹൈദരാബാദ്: തന്‍റെ വീടിന് നേരെയുണ്ടായ അക്രമാസക്തമായ ആക്രമണങ്ങളെത്തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെയിംസ് വിൻസ് ദുബൈയിലേക്ക് ചേക്കേറുന്നു. ഇന്‍റര്‍നാഷണൽ ലീഗ് ടി20യിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്. 13 ടെസ്റ്റുകളും 25 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും വിൻസ് കളിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം അംഗമാണ്.
ഹാംഷെയര്‍ ആസ്ഥാനത്തിന് സമീപമുള്ള താരത്തിന്‍റെ വീട് രണ്ട് തവണയാണ് ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ 8 വർഷമായി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം നിലവിലെ വീട്ടില്‍ വിന്‍സ് താമസിച്ചു വരികയായിരുന്നു. അക്രമമുണ്ടായ രണ്ട് സമയത്തും താരത്തിന്‍റെ കുടുംബം വീടിനുള്ളിലായിരുന്നു.
ജനൽച്ചില്ലുകൾ തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നെങ്കിലും വീട്ടുകാരെ ശാരീരികമായി ഉപദ്രവിച്ചില്ലായിരുന്നു. ആദ്യ ആക്രമണത്തിന് ശേഷം, കുടുംബം ഒരാഴ്ചത്തേക്ക് താൽക്കാലിക സ്ഥലത്തേക്ക് മാറി, തുടർന്ന് അവരുടെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ കുടുംബം തിരിച്ചെത്തിയതിന് പിന്നാലെ വീട് വീണ്ടും ആക്രമിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് ക്രിക്കറ്റ് താരം രാജ്യം വിടാൻ തീരുമാനിച്ചത്.