വെല്ലിങ്ടൺ (ന്യൂസിലൻഡ്): ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി ന്യൂസിലന്‍ഡ് താരം ടിം സൗത്തി. സെഡൺ പാർക്കിൽ നടന്ന തന്‍റെ അവസാന ടെസ്റ്റ് മത്സരത്തിൽ സിക്‌സറുകൾ പറത്തി മുൻ വെസ്റ്റ് ഇൻഡീസ് ബാറ്റര്‍ ക്രിസ് ഗെയ്‌ലിന്‍റെ റെക്കോർഡിനൊപ്പമെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഒന്നാം ഇന്നിങ്സിൽ 272/8 എന്ന സ്‌കോറിലാണ് സൗത്തി ബാറ്റിങ്ങിനിറങ്ങിയത്. വിടവാങ്ങൽ ടെസ്റ്റിൽ ഇംഗ്ലണ്ട് താരങ്ങള്‍ ഗാർഡ് ഓഫ് ഓണർ നല്‍കി സൗത്തിയെ ആദരിച്ചു. വെറും 10 പന്തില്‍ മൂന്ന് സിക്സറുകളടക്കം 23 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 107 മല്‍സരങ്ങളില്‍ 155 ഇന്നിങ്സുകളില്‍ നിന്ന് 98 സിക്‌സറുകളാണ് സമ്പാദ്യം.
ആദം ഗിൽക്രിസ്റ്റ് (100), ബ്രണ്ടൻ മക്കല്ലം (107), ബെൻ സ്‌റ്റോക്‌സ് (133) എന്നിവർക്ക് പിന്നിൽ സൗത്തിയും ഗെയ്‌ലുമാണ് (98).110 മല്‍സരങ്ങളില്‍ നിന്ന് 133 സിക്‌സറുകള്‍ പറത്തിയ ബെന്‍ സ്റ്റോക്സിന്‍റെ പേരിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ റെക്കോര്‍ഡ്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചാല്‍ സിക്സറുകളുടെ എണ്ണത്തില്‍ ഗെയ്‌ലിനെയും ഗില്‍ക്രിസ്റ്റിനെയും മറികടക്കാന്‍ താരത്തിന് സാധിക്കും.
ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 315/9 എന്ന സ്‌കോറിലാണ് നില്‍ക്കുന്നത്. മിച്ചൽ സാന്‍റ്‌നർ 50 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ലാഥവും വില്‍ യങ്ങും ചേര്‍ന്ന് 105 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. ലാഥം 63 റണ്‍സും യങ് 42 റണ്‍സും നേടി. ഇംഗ്ലണ്ടിനായി മാത്യൂ പോട്ട്‌സും ഗസ് അറ്റ്‌കിൻസനും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബ്രെയ്‌ഡൻ കാർസെ 2 വിക്കറ്റ് വീഴ്ത്തി.
Also Read:ബൗളിങ്ങിനിലെ ആക്ഷന്‍ നിയമവിരുദ്ധം; ഷാക്കിബ് അൽ ഹസന് എട്ടിന്‍റെ പണി, വിലക്ക് - SHAKIB AL HASAN BOWLING