യുവേഫ ചാമ്പ്യൻസ് ലീഗില്‍ തേരോട്ടം തുടരുകയാണ് സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. ലീഗിലെ ആറാം മത്സരത്തില്‍ ജര്‍മൻ കരുത്തരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ ബൊറൂസിയ ഡോര്‍ട്ടുമുണ്ടിനെയാണ് ബാഴ്‌സ തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കാറ്റാലൻ ക്ലബ്ബിന്‍റെ ജയം.
മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്ക് വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോള്‍ നേടി. റാഫിഞ്ഞയായിരുന്നു അവരുടെ മറ്റൊരു ഗോള്‍ സ്കോറര്‍. സെഹു ഗ്വിറാസിയാണ് ഡോര്‍ട്ട്മുണ്ടിനായി രണ്ട് ഗോളും ബാഴ്‌സലോണയുടെ വലയിലെത്തിച്ചത്.
ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ഒന്നാം പകുതി. 52-ാം മിനിറ്റില്‍ റാഫിഞ്ഞയിലൂടെ ബാഴ്‌സ ആദ്യം ലീഡ് പിടിച്ചു. ഡാനി ഓല്‍മോയുടെ പാസ് സ്വീകരിച്ചുകൊണ്ടാണ് റാഫിഞ്ഞ ഡോര്‍ട്ട്മുണ്ട് വലയിലേക്ക് നിറയൊഴിച്ചത്.
പിന്നാലെ, 60-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ട് തിരിച്ചടിച്ചു. പെനാല്‍റ്റിയിലൂടെയാണ് ആതിഥേയര്‍ ഗോള്‍ നേടിയത്.
കളിയുടെ 71-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവൻഡോസ്‌കിയുടെ പകരക്കാരനായി കളത്തിലിറങ്ങിയ ഫെറാൻ ടോറസ് 75-ാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. യമാലും കോണ്ടേയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഗോളിന്‍റെ പിറവി. 78-ാം മിനിറ്റില്‍ വീണ്ടും ഡോര്‍ട്ട്മുണ്ട് തിരിച്ചടിച്ചു.
രണ്ടാം ഗോള്‍ വഴങ്ങി 10 മിനിറ്റ് തികയുന്നതിന് മുന്‍പ് തന്നെ മൂന്നാം ഗോളും നേടാൻ ബാഴ്‌സയ്‌ക്കായി. ലമീൻ യമാലിന്‍റെ തകര്‍പ്പൻ പാസ് സ്വീകരിച്ചുകൊണ്ടാണ് ടോറസ് സന്ദര്‍ശകരുടെ വിജയഗോള്‍ നേടിയത്. ലീഗില്‍ ആറ് മത്സരം പൂര്‍ത്തിയായപ്പോള്‍ അതില്‍ അഞ്ചിലും ജയം നേടിയ ബാഴ്‌സലോണ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. സീസണിലെ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ ബൊറൂസിയ 12 പോയിന്‍റുമായി 9-ാം സ്ഥാനത്തും നില്‍ക്കുന്നു. പ്രാഥമിക റൗണ്ടില്‍ ഇനി രണ്ട് മത്സരങ്ങളാണ് ഇരുടീമിനും ശേഷിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തോറ്റ് തോറ്റ് മാഞ്ചസ്റ്റര്‍ സിറ്റി: ഇറ്റാലിയൻ കരുത്തരായ യുവന്‍റ്‌സിന് മുന്നിലും മുട്ടുമടക്കിയിരിക്കുകയാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ചാമ്പ്യൻസ് ലീഗില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടിയ വമ്പൻ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി കീഴടങ്ങിയത്. വ്ലഹോവിച്ചും വെസ്റ്റൻ മകെന്നിയുമാണ് യുവന്‍റസിനായി ഗോളുകള്‍ നേടിയത്. 53, 75 മിനിറ്റുകളിലായിരുന്നു ഗോളുകളുടെ പിറവി.
ഈ തോല്‍വി ചാമ്പ്യൻസ് ലീഗിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ്. നിലവില്‍ ആറ് മത്സരം പൂര്‍ത്തിയായപ്പോള്‍ അതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സിറ്റിക്ക് ജയിക്കാനായത്. രണ്ട് വീതം സമനിലയും തോല്‍വിയും അവരുടെ അക്കൗണ്ടിലുണ്ട്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ 22-ാം സ്ഥാനത്താണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും.
പ്രീമിയര്‍ ലീഗിലും പരിതാപകരമാണ് നിലവിലെ ചാമ്പ്യന്മാരായ സിറ്റിയുടെ അവസ്ഥ. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്നും തോറ്റ അവര്‍ക്ക് ആകെ നേടാനായത് ഒരു ജയം മാത്രമാണ്. 15 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റ് സ്വന്തമായുള്ള സിറ്റി നിലവില്‍ നാലാം സ്ഥാനത്താണ്. തങ്ങളേക്കള്‍ ഒരു മത്സരം കുറച്ച് കളിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനോട് എട്ട് പോയിന്‍റിന്‍റെ വ്യത്യാസമാണ് സിറ്റിക്കുള്ളത്.
മൂന്നടിച്ച് ആഴ്‌സണല്‍:ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണല്‍ ജയിച്ചു. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയ്‌ക്കെതിരെയാണ് പീരങ്കിപ്പട ജയിച്ചുകയറിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ആഴ്‌സണലിന്‍റെ ജയം.
ആഴ്‌സണലിന് വേണ്ടി ബുക്കായോ സാക്ക ഇരട്ട ഗോള്‍ നേടി. കായ് ഹാവെര്‍ട്‌സിന്‍റെ വകയാണ് മറ്റൊരു ഗോള്‍.
സീസണില്‍ ആഴ്‌സണലിന്‍റെ നാലാം ജയമായിരുന്നു ഇത്. 6 മത്സരങ്ങളില്‍ 13 പോയിന്‍റ് സ്വന്തമായുള്ള ആഴ്‌സണല്‍ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ്.
Also Read :ചാമ്പ്യൻസ് ലീഗിൽ റയലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം, സലായ്ക്ക് 50-ാം ഗോൾ