മുംബൈ :ഐപിഎല്‍ (IPL 2024) ആവേശങ്ങളിലേക്ക് ക്രിക്കറ്റ് ലോകം കടക്കുന്നതിനിടെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai Super Kings) ആശങ്കയായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ പരിക്ക് (Devon Conway Injury). ഇടത് കയ്യിലെ തള്ളവിരലിന് പരിക്കേറ്റ താരത്തിന് ഐപിഎല്ലില്‍ ഭൂരിഭാഗം മത്സരങ്ങളും നഷ്‌ടമായേക്കും. ചികിത്സയുടെ ഭാഗമായി ശസ്‌ത്രക്രിയക്ക് വിധേയനാകുന്ന താരത്തിന് എട്ട് ആഴ്‌ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.
അടുത്തിടെ അവസാനിച്ച ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കിടെയാണ് ഡെവോണ്‍ കോണ്‍വേയുടെ കൈ വിരലിന് പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. തുടര്‍ന്നുള്ള പരിശോധനകളിലാണ് താരത്തിന് ശസ്‌ത്രക്രിയ വേണ്ടിവരുമെന്ന് ടീം മെഡിക്കല്‍ സംഘം അറിയിച്ചത്. ഇതോടെ, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാനത്തെയും രണ്ടാമത്തെയും ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് സ്ക്വാഡില്‍ നിന്നും കോണ്‍വേയെ ഒഴിവാക്കി, പകരം ഹെൻറി നിക്കോള്‍സിനെ ടീമില്‍ നിലനിര്‍ത്തി.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഓപ്പണിങ് ബാറ്ററായ ഡെവോണ്‍ കോണ്‍വേ. സിഎസ്‌കെ ടോപ് ഓര്‍ഡറില്‍ പ്രധാനിയാണ് താരം. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനും കോണ്‍വേയ്‌ക്ക് സാധിച്ചിരുന്നു.
അവസാന സീസണില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു ന്യൂസിലന്‍ഡ് ബാറ്റര്‍. 16 മത്സരങ്ങളില്‍ നിന്നും 51.69 ശരാശരിയില്‍ 672 റണ്‍സായിരുന്നു ചെന്നൈയ്‌ക്കായി കോണ്‍വേ കഴിഞ്ഞ സീസണില്‍ അടിച്ചെടുത്തത്. ആറ് അര്‍ധസെഞ്ച്വറികളും അവസാന വര്‍ഷം അടിച്ചെടുക്കാൻ താരത്തിനായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലില്‍ 25 പന്തില്‍ 47 റണ്‍സ് അടിച്ചും കോണ്‍വേ തിളങ്ങിയിരുന്നു.