വീസെൻഹൗസ്: ജര്‍മ്മനിയില്‍ നടക്കുന്ന ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ് സ്ലാം ടൂറിൽ ലോക ചാമ്പ്യൻ ഡി. ഗുകേഷിന് തുടര്‍ തോല്‍വി. ജയിക്കാന്‍ സാധ്യതയുള്ള മത്സരത്തിൽ ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയ്‌ക്കെതിരെ വെറും 18 നീക്കങ്ങൾക്കാണ് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററിന്‍റെ പരാജയം. കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദത്തിൽ (ചെസ് 960 ക്ലാസിക്കൽ ഫോർമാറ്റ്) കരുവാനയോട് ഗുകേഷ് തോല്‍വി വഴങ്ങിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടാം ഗെയിമിലും തോറ്റതോടെ കിരീടം നേടാനുള്ള താരത്തിന്‍റെ പ്രതീക്ഷകള്‍ അസ്‌തമിച്ചു. അമേരിക്കൻ ചെസ് ഗ്രാൻഡ് മാസ്റ്റര്‍ സെമിഫൈനലിൽ പ്രവേശിച്ചതിനാല്‍ 5-8 സ്ഥാനക്കാർക്കുള്ള ക്ലാസിഫിക്കേഷൻ സ്ഥാനത്തിനായി ഗുകേഷ് മത്സരിക്കും. നേരത്തെ ഫ്രീസ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനും ഗുകേഷിനെ തോല്‍പ്പിച്ചിരുന്നു. നേരത്തെ ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും താരത്തെ പരാജയപ്പെടുത്തി. ലോകചാമ്പ്യനായ ഗുകേഷിന്‍റെ തുടര്‍ച്ചയായ തോല്‍വിയാണിത്.
റൗണ്ട് റോബിൻ ഘട്ടത്തിൽ ഗുകേഷ് ഏഴ് സമനിലകളും രണ്ട് തോൽവികളും രേഖപ്പെടുത്തി. റാപ്പിഡ് റൗണ്ട് റോബിൻ വിഭാഗത്തിൽ മാഗ്നസ് കാൾസനോടും അലിറേസ ഫിറോസ്ജയോടും തോൽവി സമ്മതിച്ചു. 10 പേരുടെ ഫീൽഡിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
'ഗുകേഷിന് എന്നില്‍ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നുവെന്ന് മത്സരശേഷം കരുവാന പറഞ്ഞു. അവന്‍ ശ്രമിച്ചു, പക്ഷേ അത് ഫലിച്ചില്ല, തുടക്കത്തിൽ തന്നെ നിരാശാജനകമായ അവസ്ഥയിലായതിനാൽ ഗുകേഷിന് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അവന് കളി ജയിക്കാനുള്ള സാധ്യത ഏതാണ്ട് പൂജ്യമായിരുന്നു- കരുവാന പറഞ്ഞു.