തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗില്‍ വീണ്ടും ക്രിസ്റ്റ്യാനോ തിളങ്ങിയപ്പോള്‍ അൽ നസർ എഫ്‌സിക്ക് ഉജ്ജ്വല ജയം. ഇന്നലെ ദമാക് എഫ് സിക്കെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായി രണ്ട് ഗോളുകൾക്കാണ് അൽ നസറിന്‍റെ ജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടീമിന്‍റെ രണ്ടു ഗോളുകളും പിറന്നത് റോണോയില്‍ നിന്നായിരുന്നു. നേരത്തെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ അൽ ഗരാഫക്കെതിരെയും ക്രിസ്റ്റ്യാനോ ഇരട്ട ഗോളടിച്ച് മിന്നിച്ചിരുന്നു.
ദമാക് എഫ് സിക്കെതിരെ 17-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നാണ് ക്രിസ്റ്റ്യാനോ ആദ്യ ഗോൾ നേടിയത്. ഒരുഗോളിന്‍റെ ബലത്തില്‍ മത്സരത്തിന്‍റെ ആദ്യപകുതിയില്‍ അല്‍നസര്‍ തന്നെയായിരുന്നു മുന്നിട്ടുനിന്നത്. രണ്ടാം പകുതിയുടെ 79-ം മിനിറ്റില്‍ താരം രണ്ടാം ഗോളുമടിച്ച് അല്‍ നസറിന്‍റെ ജയമുറപ്പിക്കുകയായിരുന്നു.
സൗദി പ്രോ ലീഗിൽ നിലവിൽ 12 കളികളിൽ 25 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് അൽ നസർ. ഏഴ് ജയവും നാല് സമനിലയും ഒരു തോൽവിയുമാണ് സീസണിൽ ടീമിന്‍റെ സമ്പാദ്യം. 11 കളികളിൽ 30 പോയിന്‍റുമായി അൽ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അൽ ഹിലാലിന്11 മത്സരങ്ങളിൽ 28 പോയിന്‍റാണ്.
റോണോയുടെ കരിയറിലെ 170-മത്തെ പെനാൽറ്റി ഗോളായിരുന്നു ഇന്നലെ പിറന്നത്. മത്സരത്തില്‍ ഇരട്ട ഗോളുകൾ സ്വന്തമാക്കിയതോടെ താരത്തിന്‍റെ കരിയർ ഗോളുകളുടെ എണ്ണം 915 ലെത്തി. നിലവിലെ സീസണിൽ രാജ്യത്തിനും ക്ലബ്ബിനുമായി 20 ഗോളുകളും നാല് അസിസ്റ്റുകളും ക്രിസ്റ്റ്യാനോ നേടി. 2024-25 സീസൺ സൗദി പ്രോ ലീഗിലെ ഗോൾ വേട്ടയിൽ ഇപ്പോൾ രണ്ടാമതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒമ്പത് ഗോളുകളാണ് ഇത്തവണ താരം അടിച്ചത്.
അതേസമയം ദമാക് എഫ് സിക്കെതിരായ ജയത്തോടെ സൗദി പ്രോ ലീഗിലെ കിരീട പ്രതീക്ഷകൾ അൽ നസർ വീണ്ടും സജീവമാക്കി.
Also Read:യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം, ടോട്ടനത്തിന് സമനില