ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) പുതിയ സീസണിന്‍റെ തലേദിവസമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ (Chennai Super Kings) നായക സ്ഥാനത്ത് നിന്നും ഇതിഹാസ താരം എംഎസ് ധോണി (MS Dhoni) പടിയിറക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ യുവ രക്തം റുതുരാജ് ഗെയ്‌ക്‌വാദിനെയാണ് (Ruturaj Gaikwad) 42-കാരനായ ധോണി തന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഐപിഎല്‍ 2024-ല്‍ (IPL 2024) പുതിയ റോളിലെത്തുമെന്ന് നേരത്തെ തന്നെ ധോണി പ്രഖ്യാപിച്ചതോടെ ചെന്നൈയിലെ 'തലമാറ്റം' ഏറെ പ്രതീക്ഷിക്കപ്പെട്ടതാണ്. എന്നാല്‍ ക്യാപ്റ്റന്‍സി സ്ഥാനത്തുനിന്നും മാറുന്നതായി ധോണി അറിയിക്കുമ്പോള്‍ നിറയാത്ത ഒരു കണ്ണുപോലും ചെന്നൈ ഡ്രസ്സിങ് റൂമിലുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് (Stephen Fleming).
"ധോണി ആ വിവരം പറയുമ്പോള്‍ ചെന്നൈ ക്യാമ്പ് ഏറെ വികാരനിര്‍ഭരമായിരുന്നു. ഏറെ കണ്ണുനീര്‍, കരയാത്ത ഒരാള്‍ പോലും ഡ്രസ്സിങ് റൂമിലുണ്ടായിരുന്നില്ല. കഴിഞ്ഞ തവണ (2022-ല്‍ രവീന്ദ്ര ജഡേജയെ ചുമതല ഏല്‍പ്പിച്ചപ്പോള്‍) ക്യാപ്റ്റന്‍സി മാറിയപ്പോള്‍ അതിനായി ഞങ്ങള്‍ വേണ്ടത്ര തയ്യാറായിരുന്നില്ല" - സ്റ്റീഫന്‍ ഫ്ലെമിങ് പറഞ്ഞു. ശേഷം, കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാവരും റുതുരാജിനെ അഭിനന്ദിച്ചതായും ടീമിനെ കൃത്യമായ ദിശയിലേക്ക് നയിക്കാനുള്ള എല്ലാ കഴിവുകളുമുള്ള താരമാണ് അവനെന്നും സ്റ്റീഫന്‍ ഫ്ലെമിങ് കൂട്ടിച്ചേര്‍ത്തു.
2022-ലും രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഏറെ അപ്രതീക്ഷിതമായാണ് ചെന്നൈ നടത്തിയത്. എന്നാല്‍ കളിക്കളത്തില്‍ തുടര്‍ പരാജയങ്ങളായിരുന്നു ടീമിനെ കാത്തിരുന്നത്. ഇതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ധോണി വീണ്ടും തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഉള്‍പ്പടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിക്കൊടുത്താണ് ധോണി നായക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.