കേരളം

kerala

ETV Bharat / sports

ഇഞ്ചുറി ടൈം 'ഡബിള്‍', ക്രിസ്റ്റല്‍ പാലസ് 'കോട്ട തകര്‍ത്ത്' ചെല്‍സി - പ്രീമിയര്‍ ലീഗ്

പ്രീമിയര്‍ ലീഗ് സീസണില്‍ ചെല്‍സിക്ക് പത്താം ജയം. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ചെല്‍സി ജയിച്ചത് 3-1 എന്ന സ്കോറിന്.

Chelsea vs Crystal Palace  Premier League Result  Conor Gallagher  പ്രീമിയര്‍ ലീഗ്  ചെല്‍സി
Chelsea vs Crystal Palace

By ETV Bharat Kerala Team

Published : Feb 13, 2024, 6:57 AM IST

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ (Premier League) വിജയവഴിയില്‍ തിരിച്ചെത്തി ചെല്‍സി (Chelsea). തുടര്‍ച്ചയായ രണ്ട് തോല്‍വികളുമായിറങ്ങിയ ചെല്‍സി ലീഗിലെ 24-ാം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെയാണ് തകര്‍ത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം (Crystal Palace vs Chelsea Result).

മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയത് ചെല്‍സി ആയിരുന്നു. തുടര്‍ന്നാണ് അവര്‍ തിരിച്ചടിച്ചത്. ഇരട്ട ഗോള്‍ നേടിയ കോണര്‍ ഗാലഗറും (Conor Gallagher) എൻസോ ഫെര്‍ണാണ്ടസുമാണ് (Enzo Fernandez) ചെല്‍സിയുടെ ഗോള്‍ സ്കോറര്‍മാര്‍.

ക്രിസ്റ്റല്‍ പാലസിന്‍റെ ഹോം ഗ്രൗണ്ടായ സെല്‍ഹര്‍ട്ട് പാര്‍ക്കിലായിരുന്നു മത്സരം. മത്സരത്തിന്‍റെ 30-ാം മിനിറ്റില്‍ ആതിഥേയര്‍ മുന്നിലെത്തി. ജെഫേര്‍സണ്‍ ലെര്‍മയായിരുന്നു (Jefferson Lerma) ഗോള്‍ സ്കോറര്‍.

ബോക്‌സിന് പുറത്ത് നിന്നുമുള്ള തകര്‍പ്പന്‍ ഒരു ലോങ് റേഞ്ചറിലൂടെയായിരുന്നു ജെഫേര്‍സണ്‍ ചെല്‍സി വലയില്‍ പന്തെത്തിച്ചത്. ഒന്നാം പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും ആതിഥേയര്‍ക്കായി. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെല്‍സി സമനില ഗോള്‍ കണ്ടെത്തി.

വതുവിങ്ങില്‍ നിന്നുള്ള വിങ്ബാക്ക് മാലോ ഗുസ്റ്റോയുടെ പാസ് കോണര്‍ ഗാലഗര്‍ കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിച്ചു. മത്സരത്തിന്‍റെ 47-ാം മിനിറ്റിലായിരുന്നു ഈ ഗോളിന്‍റെ പിറവി. ഇഞ്ചുറി ടൈമിലായിരുന്നു ചെല്‍സി പിന്നീട് രണ്ട് ഗോളുകള്‍ നേടിയത്.

അധിക സമയത്തിന്‍റെ ആദ്യ മിനിറ്റില്‍ കോണര്‍ ഗാലഗര്‍ വീണ്ടും ക്രിസ്റ്റല്‍ പാലസിന്‍റെ വല കുലുക്കി. ബോക്‌സിന്‍റെ വലതുഭാഗത്ത് നിന്നും കോള്‍ പാമര്‍ നല്‍കിയ പാസ് ഗാലഗര്‍ ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. ക്രിസ്റ്റല്‍ പാലസ് ഈ ഗോളിന്‍റെ ഞെട്ടലില്‍ നിന്നും കരകയറുന്നതിന് മുന്‍പ് തന്നെ ചെല്‍സി വീണ്ടും ലീഡുയര്‍ത്തി.

എന്‍സോ ഫെര്‍ണാണ്ടസ് ആയിരുന്നു ഇത്തവണ ഗോള്‍ സ്കോറര്‍. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ചെല്‍സിയുടെ ഗോള്‍. കോള്‍ പാമര്‍ ആയിരുന്നു മൂന്നാം ഗോളിനും വഴിയൊരുക്കിയത്.

പ്രീമിയര്‍ ലീഗ് സീസണില്‍ ചെല്‍സി സ്വന്തമാക്കിയ പത്താമത്തെ ജയമായിരുന്നു ഇത്. 24 മത്സരങ്ങളില്‍ പത്ത് തോല്‍വിയും നാല് സമനിലയും ചെല്‍സി വഴങ്ങിയിട്ടുണ്ട്. ക്രിസ്റ്റല്‍ പാലസിനെതിരായ ജയത്തോടെ അവര്‍ക്ക് 34 പോയിന്‍റോടെ ലീഗ് ടേബിളില്‍ പത്താം സ്ഥാനത്തേക്ക് എത്താന്‍ സാധിച്ചു. 24 മത്സരങ്ങളില്‍ നിന്നും ആറ് ജയവും അത്ര തന്നെ സമനിലയും അകൗണ്ടിലുള്ള ക്രിസ്റ്റല്‍ പാലസ് പോയിന്‍റ് പട്ടികയില്‍ 15-ാം സ്ഥാനത്താണ് (Premier League Points Table).

Also Read :ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് തുടങ്ങുന്നു, റയലിന് ആശങ്കയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്

ABOUT THE AUTHOR

...view details