ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നീലപ്പടയോട്ടം. ഇന്ന് നടന്ന പോരാട്ടത്തില്‍ വോല്‍വ്‌സിനെയാണ് ചെല്‍സി തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ തകര്‍പ്പന്‍ ജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ടോസിൻ അഡറാബിയോ, മാർക് കുകുറെല്ല, നോനി മദുക്കെ എന്നിവര്‍ ചെൽസിക്കായി ഗോളുകൾ നേടിയപ്പോള്‍ വോൾവ്സിനായി മാറ്റ് ഡോർട്ടി ആശ്വാസ ഗോൾ സ്വന്തമാക്കി. ജയത്തോടെ 22 മത്സരങ്ങളിൽനിന്ന് 40 പോയന്‍റുമായി പട്ടികയില്‍ ചെൽസി നാലാം സ്ഥാനത്തേക്ക് മുന്നേറി. അഞ്ച് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ചെൽസി വിജയത്തിലേക്കെത്തുന്നത്.
കളിയുടെ 24-ാം മിനിറ്റില്‍ തന്നെ ഗോളടിച്ച് ചെല്‍സി മുന്നിട്ടുനിന്നു. ടോസിൻ അഡറാബിയോയില്‍ നിന്നാണ് ഗോള്‍ പിറന്നത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുന്നേ തന്നെ വോള്‍വ്‌സ് സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ മാറ്റ് ഡോർട്ടി ഗോള്‍ നേടിയത്.
ഇരുടീമുകള്‍ ഗോളടിച്ചതോടെ ജയത്തിനായി കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങി.രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ മാർക് കുകുറെല്ലയും 65-ാം മിനിറ്റിൽ നോനി മദുക്കെയും വീണ്ടും ഗോള്‍ നേടിയതോടെ ചെൽസി ജയം ഉറപ്പിച്ചു.
പ്രീമിയർ ലീഗ് പോയിന്‍റ് ടേബിളിൽ 22 മത്സരങ്ങളിൽ നിന്ന് 40 പോയിന്‍റുമായി ചെല്‍സി നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്. 21 മത്സരങ്ങളിൽ നിന്ന് 50 പോയിന്‍റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. ആഴ്‌സനൽ രണ്ടാം സ്ഥാനത്തും നോട്ടിങ്ഹാം ഫോറസ്റ്റ് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.