ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ വമ്പന്മാര്‍ തകര്‍ന്നുവീണു. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ തോല്‍ക്കുകയും ആസ്റ്റണ്‍വില്ലയും ബ്രൈറ്റനും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്‌തു. ചെല്‍സി തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ഏറ്റുവാങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇപ്‌സ്‌വിച്ചിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തോറ്റത്. ലിയാം ഡിലാപ്, ഒമാരി ഹച്ചിന്‍സണ്‍ എന്നിവരാണ് ഇപ്‌സ്‌വിച്ചിന് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 12-ാം മിനിറ്റില്‍ തന്നെ പെനാല്‍റ്റിയിലൂടെ ഇപ്‌സ്‌വിച്ച് ഗോളടിച്ച് മുന്നിലെത്തുകയായിരുന്നു.
പിന്നാലെ 53-ാം മിനിറ്റില്‍ ഹച്ചിന്‍സണാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. ഗോള്‍ പിറന്നതോടെ ചെല്‍സി ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ മടക്കാന്‍ കഴിയാതിരുന്നതോടെ ഇപ്‌സ്‌വിച്ച് വിജയം സ്വന്തമാക്കി. 35 പോയിന്‍റുമായി ചെല്‍സി പട്ടികയില്‍ നാലാം സ്ഥാനത്താണ്. 15 പോയിന്‍റുമായി 18-ാം സ്ഥാനത്താണ് ഇപ്‌സ്വിച്ച് നില്‍ക്കുന്നത്.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ ന്യൂകാസില്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ തോറ്റു. രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. കളിയുടെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. നാലാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഐസക്കാണ് ആദ്യം ന്യൂകാസിലിനായി വലകുലുക്കിയത്. പിന്നാലെ 19-ാം മിനിറ്റില്‍ ജോലിന്‍റണിലൂടെ രണ്ടാം ഗോളും പിറന്നു.
പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് വഴങ്ങുന്ന തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. 22 പോയിന്‍റുമായി ലീഗില്‍ 14-ാം സ്ഥാനത്താണ് യുണൈറ്റഡ്. അതേസമയം 32 പോയിന്‍റുമായി ന്യൂകാസില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.
മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണ്‍ ആസ്റ്റണ്‍വില്ലയെ സമനിലയില്‍ തളച്ചു. ഓലി വാട്‌കിന്‍സും മോർഗൻ റോജേഴ്‌സും ആസ്റ്റണ്‍വില്ലയ്‌ക്കായി ഗോളടിച്ചപ്പോള്‍ സൈമൺ അഡിംഗ്രയും താരിഖ് ലാംപ്‌റ്റയും ബ്രൈറ്റണിനായി വലകുലുക്കി. പോയിന്‍റ് പട്ടികയില്‍ ആസ്റ്റണ്‍വില്ല ഒന്‍പതാമതും ബ്രൈറ്റണ്‍ പത്താമതുമായാണ് നില്‍ക്കുന്നത്.
Also Read:സിഡ്‌നി ടെസ്റ്റിന് ശേഷം 'ഹിറ്റ്‌മാന്‍' വിരമിച്ചേക്കും; ബിസിസിഐ ചര്‍ച്ച ചെയ്‌തു - ROHIT SHARMA RETIREMENT