തിരുവനന്തപുരം: കേണൽ സി.കെ നായിഡു ട്രോഫി അണ്ടർ 23 ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിനെതിരെ ചണ്ഡീഗഢിന് 28 റണ്‍സിന്‍റെ ലീഡ്. 412 റണ്‍സിനാണ് ചണ്ഡീഗഢിന്‍റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. ആദ്യം ബാറ്റുചെയ്‌ത കേരളം 384 റൺസാണെടുത്തത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. നിലവില്‍ 107 റണ്‍സിന്‍റെ ലീഡാണ് കേരളത്തിനുള്ളത്.
മൂന്നാം ദിവസം ചണ്ഡീഗഢ് കളത്തിലിറങ്ങുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നിലയിലായിരുന്നു. മൂന്നാം ദിവസം ആദ്യ ബാറ്റിങ്ങിനിറങ്ങിയ ദേവാങ് കൌശിക്ക് 88 റണ്‍സ് നേടിയാണ് പുറത്തായത്. പിന്നാലെ 68 റണ്‍സെടുത്ത നിഖിലിനെയും ഇവ്രാജ് റണ്ണൌട്ടയെയും പുറത്താക്കി കേരളം കളിയില്‍ പിടി മുറുക്കിയെങ്കിലും ഏഴാമനായെത്തിയ അക്ഷിത് റാണ ചണ്ഡീഗഢിന്‍റെ രക്ഷകനായി.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അക്ഷിതിന്‍റെ പ്രകടനത്തില്‍ മത്സരത്തിലെ മുന്‍തൂക്കം കേരളത്തിന് നഷ്ടമാവുകയായിരുന്നു. 99 പന്തില്‍ നിന്ന് 97 റണ്‍സെടുത്തായിരുന്നു അക്ഷിതിന്‍റെ വെടിക്കെട്ട് ബാറ്റിങ്. കേരള ബൗളിങ് നിരയില്‍ കിരണ്‍ സാഗര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഏദന്‍ ആപ്പിള്‍ ടോം രണ്ട് വിക്കറ്റും ഷോണ്‍ റോജറും അനുരാജും ആസിഫ് അലിയും ഓരോ വിക്കറ്റ് വീതവും നേടി.