മുംബൈ: അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് ലാഹോര്‍ വേദിയായേക്കുമെന്ന് സൂചന. ചാമ്പ്യൻസ് ട്രോഫിയുടെ ഡ്രാഫ്റ്റ് ഷെഡ്യൂളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരമായിരിക്കും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതെന്നും ക്രിക്ക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ ചാമ്പ്യൻസ് ട്രോഫി നടത്താനാണ് നിലവില്‍ ഐസിസിയുടെ പദ്ധതി. സമയക്രമം നിശ്ചയിക്കുന്നത് സംബന്ധിച്ച കാര്യത്തിലും ആവശ്യമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. നിലവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം ലാഹോറില്‍ നടക്കുമെന്നതാണ്.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാകിസ്ഥാനില്‍ കളിക്കാനുള്ള അനുമതി ഇന്ത്യൻ സര്‍ക്കാര്‍ നല്‍കുന്നതിനെ അനുസരിച്ചിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാകിസ്ഥാനിലേക്ക് പോകാൻ അനുമതി ലഭിച്ചില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പ് സംഘടിപ്പിച്ചത് പോലെ ചാമ്പ്യൻസ് ട്രോഫിയും ഹൈബ്രിഡ് മോഡലിലേക്ക് മാറ്റേണ്ടി വരും. ഇങ്ങനെ വന്നാല്‍, യുഎഇയില്‍ ആയിരിക്കാം ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തുന്നത്.