വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പഴയ രാജാക്കന്മാരായ ഇംഗ്ലണ്ടിനെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്‌തുകൊണ്ട് ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കുള്ള മുന്നൊരുക്കം ഗംഭീരമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. 2013-ലെ ചാമ്പ്യന്‍ ട്രോഫി വിജയത്തിന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ മറ്റൊരു ഐസിസി കിരീടം നേടാന്‍ നീലപ്പടയ്‌ക്ക് കഴിഞ്ഞിട്ടില്ല. 2023-ലെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും കലാശപ്പോരില്‍ ടീമിന് കാലിടറി.
ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് രോഹിത് ശര്‍മയും സംഘവും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ഇറങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ ഫേവറേറ്റുകള്‍ തന്നെയാണ് ഇന്ത്യ. ഓരോ താരങ്ങളും തങ്ങളുടെ മികവിനൊത്ത് ഉയര്‍ന്നാല്‍ ടീമിന് കപ്പുമായി തന്നെ മടങ്ങാം.
കരുത്തുറ്റ ബാറ്റിങ് നിര
പരിചയസമ്പന്നരും യുവതാരങ്ങളുമടങ്ങുന്ന ബാറ്റിങ് നിര ടീമിന്‍റെ പ്രധാന കരുത്താണ്. ശുഭ്‌മാൻ ഗില്ലിന്‍റെയും ശ്രേയസ് അയ്യരുടെയും മികച്ച ഫോം, വെറ്ററന്‍ താരങ്ങളായ രോഹിത് ശർമ്മയെയും വിരാട് കോലിയെയും ആശ്രയിക്കുന്നത് ഇല്ലാതാക്കുന്നു. റണ്‍വരള്‍ച്ചയില്‍ വലഞ്ഞിരുന്ന ഇരുവരും ഇംഗ്ലണ്ടിനെതിരെ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനകള്‍ തന്നുകഴിഞ്ഞു. ഇരുവരും തിളങ്ങിയാല്‍ ബാറ്റിങ്ങില്‍ ഇന്ത്യയ്‌ക്ക് മറ്റ് ആശങ്കകളില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോവര്‍ ഓര്‍ഡറിലേക്ക് എത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവും. പിന്നാലെ ജഡേജയും അക്‌സറും ടീമിന്‍റെ ബാറ്റിങ് ഡെപ്‌ത് കൂട്ടുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി എത്താന്‍ കെഎൽ രാഹുല്‍ റിഷഭ് പന്ത് എന്നിവര്‍ തമ്മില്‍ മത്സരമുണ്ട്. ഇംഗ്ലണ്ടിനെതിരെ രാഹുലിനാണ് മാനേജ്‌മെന്‍റ് പിന്തുണ നല്‍കിയത്. ഇതോടെ പന്തിന് അവസരത്തിനായി കാത്തിരിക്കേണ്ടിവരും.
പേസ് നിരയില്‍ ആശങ്ക
ടൂര്‍ണമെന്‍റിന് ഇറങ്ങുന്ന നീലപ്പടയ്‌ക്ക് പ്രീമിയം പേസര്‍ ജസ്‌പ്രീത് ബുംറയുടെ അഭാവം വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് താരത്തിനുള്ളത്. എന്നാല്‍ പരിക്ക് ബുംറയെ പുറത്തിരുത്തുകയായിരുന്നു.
താരത്തിന്‍റെ അഭാവത്തിൽ, ഇന്ത്യൻ പേസ് ആക്രമണത്തെ നയിക്കേണ്ട ഉത്തരവാദിത്തം മുഹമ്മദ് ഷമിയുടെ ചുമലിലാണ്. പരിക്കിനെ തുടർന്ന് ഏറെക്കാലം വിശ്രമത്തിലായിരുന്ന ഷമി അടുത്തിടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ തന്‍റെ മികവിലേക്ക് ഉയരാന്‍ ഷമിയ്‌ക്ക് കഴിഞ്ഞിട്ടില്ല.