കോഴിക്കോട്: സ്വന്തം തട്ടകത്തിലെ ആദ്യ വിജയം മോഹിച്ച് ഇറങ്ങിയ കാലിക്കറ്റിനെ സമനിലയില്‍ കുരുക്കി തൃശൂർ മാജിക് എഫ്.സി. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഗോള്‍ രഹിത ആദ്യപകുതിയിലെ ആക്രമണങ്ങള്‍ക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. കാലിക്കറ്റിനായി 49–ാം മിനിട്ടില്‍ മുഹമ്മദ് റിയാസും 81–ാം മിനിട്ടിൽ പി.എം. ബ്രിട്ടോയുമാണു വലകുലുക്കിയത്.
അവസാന നിമിഷം വരെ വിജയ പ്രതീക്ഷയില്‍ നിന്ന കാലിക്കറ്റിന്‍റെ മോഹം തല്ലിക്കെടുത്തി രണ്ടാം പകുതിയുടെ അധികസമയത്ത് തൃശൂരിന്‍റെ ഇരട്ടഗോളുകള്‍ പിറന്നു. 91–ാം മിനിട്ടില്‍ ഗോമസ് ഫിലോയും 97–ാം മിനിട്ടില്‍ സിൽവ ഡെ ഗോസുമാണ് കാലിക്കറ്റിനെ ഞെട്ടിച്ചത്. നാലു മത്സരങ്ങൾ പൂർത്തിയാക്കിയ കാലിക്കറ്റ് എഫ്‌സിയുടെ മൂന്നാം സമനിലയും തൃശൂരിന്‍റെ രണ്ടാം സമനിലയുമാണിത്.