ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് ഇത് കഷ്‌ടകാലമാണ്. ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ മോശം ഫോം തുടരുന്നതിനിടെ ഇപ്പോള്‍ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാതെയാണ് അവര്‍ പുറത്തായത്. ഇതോടെ, ഒളിമ്പിക്‌സില്‍ ഹാട്രിക് സ്വര്‍ണമെഡല്‍ നേട്ടമെന്ന ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ മോഹങ്ങളും അസ്‌തമിച്ചു.
ഇതിന് മുന്‍പ് 1992, 2004 വര്‍ഷങ്ങളിലും ബ്രസീല്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നില്ല. ഇത്തവണ ഒളിമ്പിക്‌സ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ കാനറികള്‍ ലൂസിയാനോ ഗോണ്ടു നേടിയ ഒരൊറ്റ ഗോളിലാണ് ചിരവൈരികളായ അര്‍ജന്‍റീനയ്ക്ക് മുന്നില്‍ വീണത്. ബ്രസീലിനെതിരായ ജയത്തോടെ അര്‍ജന്‍റീന പാരിസിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്‌തു.
പരാഗ്വെയാണ് തെക്കേ അമേരിക്കൻ മേഖലയില്‍ നിന്നും ഒളിമ്പിക്‌സിന് യോഗ്യത നേടിയ മറ്റൊരു ടീം. അണ്ടര്‍ 23 താരങ്ങളായിരുന്നു യോഗ്യത മത്സരങ്ങളില്‍ ഓരോ ടീമിനായും കളിക്കാനിറങ്ങിയത്. അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിനായി കളത്തിലിറങ്ങാന്‍ ഒരുങ്ങുന്ന 17കാരന്‍ എൻഡ്രിക് ഫെലിപെ ഉള്‍പ്പടെയുള്ള താരങ്ങളിലായിരുന്നു യോഗ്യത റൗണ്ട് മത്സരങ്ങളില്‍ ബ്രസീലിയന്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്.
ഒളിമ്പിക്‌സില്‍ 23 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍ക്ക് കളിക്കാന്‍ സാധിക്കുമെന്നതിനാല്‍ ബ്രസീലിന്‍റെ ഇപ്പോഴത്തെ സൂപ്പര്‍ താരം നെയ്‌മറും ഭാവിതാരം എൻഡ്രിക് ഫെലിപെയും ഒരുമിച്ച് കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും ഉണ്ടായിരുന്നത്. എന്നാല്‍ എന്‍ഡ്രികെ യോഗ്യത റൗണ്ട് മത്സരങ്ങളില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നത് ബ്രസീലിന് കനത്ത തിരിച്ചടിയായി. ഏഴ് മത്സരം കളിച്ച താരത്തിന് ആകെ രണ്ട് ഗോളുകള്‍ മാത്രമാണ് ടീമിനായി നേടിയത്.