പാരിസ്:യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ കടന്ന് ബൊറൂസിയ ഡോര്‍ട്‌മുണ്ട്. സെമി ഫൈനലിലെ രണ്ടാം പാദ പോരാട്ടത്തിലും പിഎസ്‌ജിയെ തോല്‍പ്പിച്ചാണ് ജര്‍മൻ ക്ലബിന്‍റെ മുന്നേറ്റം. പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടില്‍ രണ്ടാം പാദ മത്സരത്തിന് ഇറങ്ങിയ ഡോര്‍ട്‌മുണ്ട് എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയമാണ് സ്വന്തമാക്കിയത്.
നേരത്തെ, ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ച ഒന്നാം പാദ സെമി ഫൈനല്‍ മത്സരത്തിലും ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബൊറൂസിയ ഡോര്‍ട്‌മുണ്ടിന്‍റെ ജയം. ഇതോടെ, 2-0 എന്ന അഗ്രിഗേറ്റഡ് സ്കോറിനാണ് ഡോര്‍ട്‌മുണ്ടിന്‍റെ മുന്നേറ്റം. 2013ന് ശേഷം ഇത് ആദ്യമായാണ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിന് യോഗ്യരാകുന്നത്.
സെമി ഫൈനലിന്‍റെ രണ്ടാം പാദത്തില്‍ ആതിഥേയരെ വരിഞ്ഞ് മുറുക്കിയാണ് ബൊറൂസിയ ഡോര്‍ട്‌മുണ്ട് ജയം നേടിയത്. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ഒന്നാം പകുതി. ആദ്യ പകുതിയില്‍ പിഎസ്‌ജിയുടെ മുന്നേറ്റങ്ങളെയെല്ലാം വിജയകരമായി തന്നെ ഡോര്‍ട്‌മുണ്ട് പ്രതിരോധിച്ചു.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് പാര്‍ക് ഡെസ് പ്രിൻസെസ് സ്റ്റേഡിയത്തെ നിശബ്‌ദരാക്കിക്കൊണ്ട് ബൊറൂസിയ ഡോര്‍ട്‌മുണ്ട് ലീഡെടുത്തത്. പ്രതിരോധ നിര താരം മാറ്റ്‌സ് ഹമ്മെല്‍സായിരുന്നു ഗോള്‍ സ്കോറര്‍. 50-ാം മിനിറ്റിലാണ് പിഎസ്‌ജി വലയില്‍ ഗോള്‍ കയറിയത്.
ഗോള്‍ വഴങ്ങിയതോടെ പിഎസ്‌ജി ഉണര്‍ന്ന് കളിക്കാൻ തുടങ്ങി. എന്നാല്‍, ബൊറൂസിയ ഡോര്‍ട്‌മുണ്ട് പിന്നീട് പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ എംബാപ്പെയ്‌ക്കും സംഘത്തിനും ഗോള്‍ കണ്ടെത്താൻ സാധിക്കാതെ കളിയവസാനിപ്പിക്കേണ്ടി വന്നു. റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക്ക് രണ്ടാം പാദ സെമിയിലെ വിജയി ആയിരിക്കും ഫൈനലില്‍ ഡോര്‍ട്‌മുണ്ടിന്‍റെ എതിരാളി.