ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടി. പരമ്പരയിൽ നിന്ന് സ്റ്റാർ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ പുറത്തായി. നട്ടെല്ലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരത്തിന് പരമ്പര നഷ്‌ടമാവുക. 9 മാസമെങ്കിലും കാമറൂൺ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കൻ പര്യടനം, ഐപിഎൽ, ചാമ്പ്യൻസ് ട്രോഫി എന്നിവയിലും താരത്തിന് കളിക്കാനാകില്ല. ജൂണിൽ നടക്കുന്ന ഡബ്ല്യുടിസി ഫൈനൽ (ഓസ്‌ട്രേലിയ യോഗ്യത നേടിയാൽ), അടുത്ത വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പര്യടനം എന്നിവ കാമറൂണിന് ലഭ്യമായേക്കും.
കഴിഞ്ഞ വർഷം ഓവലിൽ ഓസ്‌ട്രേലിയയെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കൊണ്ടുപോകുന്നതിൽ ഗ്രീൻ നിർണായക പങ്കുവഹിച്ചിരുന്നു. കൂടാതെ ടീം കിരീടം നേടുകയും ചെയ്‌തു. പരിചയസമ്പന്നനായ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്‍റെ ഓപ്പണറായും താരം തിളങ്ങി.