ചെന്നൈ:ഇന്ത്യ-ബംഗ്ലദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മത്സരത്തിന്‍റെ നാലാം ദിനം 280 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 376 റൺസ് നേടിയപ്പോൾ ബംഗ്ലാദേശ് ടീം 149 റൺസിന് ഓൾഔട്ടായി. രണ്ടാം ഇന്നിംഗ്‌സിൽ 515 റൺസ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ ബംഗ്ലാദേശിന് 234 റൺസ് മാത്രമേ നേടിയിട്ടുള്ളു.
ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സിൽ ആർ അശ്വിൻ 6 വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ 3 വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. മികച്ച പ്രകടനത്തിന് അശ്വിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ താരം രണ്ടാം ഇന്നിംഗ്‌സിൽ 6 വിക്കറ്റും വീഴ്ത്തി.ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 376 റൺസ് നേടി. തുടക്കത്തിൽ തന്നെ 6 വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് പിന്നീട് അശ്വിൻ-രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. 113 റൺസെടുത്ത അശ്വിന്‍റെ സെഞ്ചുറിയുടെയും ജഡേജയുടെ 86 റൺസിന്‍റേയും പിൻബലത്തിൽ ഇരുവരും 199 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.
ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ ഉയർത്തിയ 376 റൺസിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ചീട്ടുകൊട്ടാരം പോലെ തകർന്നു. ആദ്യ ഇന്നിംഗ്‌സിൽ ജസ്പ്രീത് ബുംറയുടെ മൂർച്ചയുള്ള ബൗളിംഗിൽ ബംഗാളി താരങ്ങൾ 149 റൺസ് മാത്രമാണ് നേടിയത്. 150ൽ താഴെ സ്‌കോറിനാണ് ടീമിന്‍റെ മുഴുവൻ പേരും പുറത്തായത്. ആകാശ്ദീപ് 2 വിക്കറ്റും സിറാജ് 2 വിക്കറ്റും രവീന്ദ്ര ജഡേജ 2 വിക്കറ്റും വീഴ്ത്തി.