മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL) പങ്കെടുക്കുന്നതിനായി റെഡ് ബോൾ ക്രിക്കറ്റിൽ നിന്നും കളിക്കാര്‍ അകന്നു നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബിസിസിഐ (BCCI). കളിക്കാര്‍ക്ക് ടെസ്റ്റ് മാച്ച് ഫീ വർധിപ്പിക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ടീം മാനേജ്‌മെന്‍റിന്‍റെ നിര്‍ദേശം അവഗണിച്ച് അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിനായി വിക്കറ്റ് കീപ്പർ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) ഉള്‍പ്പടെയുള്ള താരങ്ങള്‍ തയ്യാറെടുക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ടെസ്റ്റിലെ ശമ്പള ഘടന പുനഃക്രമീകരിക്കാൻ ബോർഡ് തീരുമാനിച്ചത്.
ആരെങ്കിലും ഒരു കലണ്ടർ വർഷത്തിൽ എല്ലാ ടെസ്റ്റ് പരമ്പരകളും കളിക്കുകയാണെങ്കിൽ, വാർഷിക റിട്ടൈനർ കരാറിന് പുറമെ അയാൾക്ക് അധികമായി പ്രതിഫലം നല്‍കുന്ന രീതിയാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് വിവരം. ഇതുവഴി കളിക്കാര്‍ റെഡ്-ബോൾ ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തയ്യാറാവുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. പുതിയ പ്രതിഫല മാതൃക അംഗീകരിച്ചാല്‍ ഐപിഎല്ലിന്‍റെ ഈ സീസണിന് ശേഷം ഇത് നടപ്പില്‍ വരുത്തും. നിലവിൽ ഒരു ടെസ്റ്റിന് 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് 3 ലക്ഷം രൂപയുമാണ് ബിസിസിഐ മാച്ച് ഫീയായി നൽകുന്നത്.
കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ അവധിയെടുത്ത ഇഷാന്‍ കിഷന്‍ പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിയിട്ടില്ല. ടീമിലേക്ക് മടങ്ങിയെത്താന്‍ ഇഷാന്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങേണ്ടതുണ്ടെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പലകുറി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ രഞ്‌ജിയില്‍ തന്‍റെ ടീമായ ജാര്‍ഖണ്ഡിനായി കളിക്കാന്‍ ഇഷാന്‍ കിഷന്‍ തയ്യാറായിരുന്നില്ല.