ബാഴ്‌സലോണ :ലാ ലിഗയില്‍ (La Liga) തകര്‍പ്പൻ ജയം സ്വന്തമാക്കി ബാഴ്‌സലോണ (Barcelona). ഹോം ഗ്രൗണ്ടില്‍ ഗെറ്റാഫയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. സീസണില്‍ ബാഴ്‌സയുടെ 17-ാം ജയമാണിത്.
ജയത്തോടെ ലാ ലിഗ പോയിന്‍റ് പട്ടികയില്‍ ജിറോണയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്താനും ബാഴ്‌സലോണയ്‌ക്കായി. 26 മത്സരം പൂര്‍ത്തിയായപ്പോള്‍ 57 പോയിന്‍റാണ് ബാഴ്‌സയുടെ അക്കൗണ്ടില്‍. 25 മത്സരങ്ങളില്‍ 62 പോയിന്‍റുള്ള റയല്‍ മാഡ്രിഡാണ് നിലവില്‍ ഒന്നാം സ്ഥാനത്ത് (La Liga Match Day 26 Points Table).
ഗെറ്റാഫയ്‌ക്കെതിരായ മത്സരത്തില്‍ 20-ാം മിനിറ്റില്‍ റാഫിഞ്ഞയിലൂടെയാണ് ബാഴ്‌സ ആദ്യം ലീഡ് പിടിച്ചത്. ഈ ഗോളിന്‍റെ ലീഡില്‍ ആദ്യ പകുതി അവസാനിപ്പിക്കാൻ ആതിഥേയര്‍ക്കായി. രണ്ടാം പകുതിയില്‍ ബാഴ്‌സലോണയുടെ ആക്രമണങ്ങള്‍ക്ക് കരുത്തുകൂടി.
53-ാം മിനിറ്റിലായിരുന്നു അവര്‍ രണ്ടാം ഗോള്‍ നേടിയത്. ജാവോ ഫെലിക്‌സായിരുന്നു ഗോള്‍ സ്കോറര്‍. 61-ാം മിനിറ്റില്‍ ഫ്രാങ്ക് ഡിയോങ് ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ഫെര്‍മിൻ ലോപസായിരുന്നു ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ലീഗില്‍ അത്‌ലെറ്റിക് ക്ലബ്ബിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. മാര്‍ച്ച് നാലിന് അത്‌ലറ്റിക് ക്ലബ്ബിന്‍റെ ഹോം ഗ്രൗണ്ടായ സാൻ മേംസില്‍ വച്ചാണ് ഈ മത്സരം.
അത്‌ലെറ്റിക്കോ മാഡ്രിഡിന് സമനില കുരുക്ക്:ലാ ലിഗയില്‍ അല്‍മേരിയ അത്ലെറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയില്‍. അല്‍മേരിയയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും കളിയവസാനിപ്പിച്ചത്. മത്സരത്തില്‍ രണ്ട് പ്രാവശ്യം ലീഡ് പിടിച്ചിട്ടും അത്‌ലെറ്റിക്കോ മാഡ്രിഡിന് അനുകൂല ഫലം നേടിയെടുക്കാൻ സാധിക്കാതെ പോകുകയായിരുന്നു.
മത്സരത്തിന്‍റെ രണ്ടാം മിനിറ്റില്‍ എയ്‌ഞ്ചല്‍ കൊറിയ ആണ് അത്‌ലെറ്റിക്കോ മാഡ്രിഡിനായി ആദ്യ ഗോള്‍ നേടിയത്. 27-ാം മിനിറ്റില്‍ ലൂക്ക റെമോറോ ആതിഥേയര്‍ക്കായി സമനില ഗോള്‍ നേടി. ആദ്യ പകുതിയില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല.
Also Read :ഗോള്‍വേട്ട തുടര്‍ന്ന് ആഴ്‌സണല്‍, തകര്‍ന്നടിഞ്ഞ് ന്യൂകാസില്‍ യുണൈറ്റഡും
57-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളാണ് മാഡ്രിഡിന്‍റെ രണ്ടാം ഗോള്‍ നേടിയത്. 64-ാം മിനിറ്റില്‍ റൊമേറോ വീണ്ടും അത്‌ലെറ്റിക്കോയുടെ വലയില്‍ പന്തെത്തിക്കുകയായിരുന്നു. സീസണില്‍ 26 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 52 പോയിന്‍റുള്ള അത്‌ലെറ്റിക്കോ മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.