ന്യൂഡൽഹി:ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തില്‍ സെവിയ്യയെ ബാഴ്‌സലോണ തകര്‍ത്തു. 5-1 ഗോളുകള്‍ക്കാണ് ലെവൻഡോവ്സ്‌കിയും സംഘവും സെവിയ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ലെവന്‍ഡോവ്‌സ്‌കിയും പാബ്ലോ ടോറെയും രണ്ട് ഗോളുകള്‍ വീതം സ്വന്തമാക്കി. പെഡ്രി ഒരു ഗോളും ബാഴ്‌സക്കായി നേടി. 87-ാം മിനിറ്റിൽ സ്റ്റാനിസ് ഇടുംബോയാണ് സെവിയ്യക്ക് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തിയത്.
10 മത്സരങ്ങളിൽ നിന്ന് 9 വിജയവും ഒരു തോൽവിയുമായി 27 പോയിന്‍റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. 10 മത്സരങ്ങളിൽ നിന്ന് 7 ജയവും 3 സമനിലയുമായി 24 പോയിന്‍റുമായി റിയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലത്തെ മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. വോൾവ്‌സിനെ 2-1 എന്ന സ്‌കോറിനാണ് സിറ്റി തോൽപ്പിച്ചത്. സമനില കുരുക്കിലേക്ക് നീങ്ങിയിരുന്ന കളിയുടെ അവസാന മിനുട്ടിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ പിറന്നത്. മത്സരത്തിന്‍റെ ഏഴാം മിനിറ്റില്‍ സ്ട്രാൻഡ് ലാർസനായിരുന്നു വോൾവ്‌സിനായി ഗോൾ നേടിയത്. എന്നാല്‍ ആദ്യ പകുതിയോടടുത്ത് 33ാം മിനുറ്റിൽ സിറ്റിക്കായി ജോസ്‌കോ ഗ്വാഡിയോള്‍ സമനില ഗോള്‍ കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ടാം പകുതിയിൽ ഇരു ടീമുകളും പോരാട്ടം ശക്തമാക്കി. മത്സരം സമനിലയില്‍ കലാശിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോള്‍ ഏവരേയും അമ്പരപ്പിച്ച് 95ാം മിനുറ്റിൽ ജോൺ സ്‌റ്റോണസില്‍ സിറ്റിയുടെ വിജയ ഗോള്‍ പിറന്നു. 8 മത്സരത്തിൽനിന്ന് 20 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മറ്റൊരു ഗ്ലാമർ പോരാട്ടത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ. എട്ട് മത്സരങ്ങളിൽ നിന്ന് 7 ജയവും ഒരു തോൽവിയുമായി 21 പോയിന്‍റുമായി ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.