ഹൈദരാബാദ്: ഒത്തുകളി ആരോപണത്തെ തുടർന്ന് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹേലി അക്തറിനെ ഐസിസി വിലക്കി. 2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന വനിതാ ടി20 ലോകകപ്പിനിടെ ഒത്തുകളി നടത്തിയത് തെളിഞ്ഞതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് ഓഫ് സ്പിന്നര്‍ക്കെതിരെ ക്രിക്കറ്റിൽ നിന്നും അഞ്ച് വർഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. അന്വേഷണത്തിൽ 36 കാരിയായ ഷോഹേലി കുറ്റം സമ്മതിക്കുകയും ഐസിസി നിയമങ്ങൾ ലംഘിച്ചതായി സമ്മതിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐസിസിയുടെ അഴിമതി വിരുദ്ധ നിയമ പ്രകാരം വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമാണ് ഷോഹെലി. 2023-ൽ ഷോഹെലി ടീമിലെ മറ്റൊരു താരത്തിന് ഹിറ്റ് വിക്കറ്റാകാൻ 2 മില്യൺ ബംഗ്ലാദേശി ടാക്ക (ഏകദേശം 16,400 യുഎസ് ഡോളർ) വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട താരത്തിന്‍റെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു.
ഐസിസി നിയമങ്ങളില്‍പെട്ട ഒത്തുകളി അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ഗൂഢാലോചന നടത്തുക, മനഃപൂർവ്വം മോശം പ്രകടനം കാഴ്ചവയ്ക്കുക. കൈക്കൂലിയോ മറ്റ് പ്രതിഫലമോ ആവശ്യപ്പെടുക, ഏതെങ്കിലും അന്താരാഷ്ട്ര മത്സരത്തിന്‍റെ ഫലം, പുരോഗതി, പെരുമാറ്റം അല്ലെങ്കിൽ മറ്റേതെങ്കിലും സ്വാധീനിക്കുക എന്നീ നിയമങ്ങള്‍ ഷോഹേലി ലംഘിച്ചിതായാണ് റിപ്പോര്‍ട്ട്.
ബംഗ്ലാദേശിനായി താരം രണ്ട് ഏകദിനങ്ങളിലും 13 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഒക്ടോബർ 10 ന് സിൽഹെറ്റ് ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ വനിതാ ഏഷ്യാ കപ്പ് 2022 മത്സരത്തിലാണ് ഷോഹേലി അവസാനമായി ബംഗ്ലാദേശിനായി കളിച്ചത്.
ബംഗ്ലാദേശ് വനിതാ ടീമിന്‍റെ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു
അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ദേശീയ വനിതാ ടീമിന്‍റെ പുതിയ മുഖ്യ പരിശീലകനായി സർവർ ഇമ്രാനെ നിയമിച്ചു. അടുത്തിടെ സ്ഥാനം രാജിവച്ച ഹസൻ തിലകരത്നെയ്ക്ക് പകരക്കാരനായിട്ടാണ് അദ്ദേഹത്തെ നിയമിച്ചത്. പുരുഷ ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകനായും ഇമ്രാൻ പ്രവർത്തിച്ചിട്ടുണ്ട്. മലേഷ്യയിൽ നടന്ന ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ബംഗ്ലാദേശ് അണ്ടർ 19 വനിതാ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു.