ന്യൂഡൽഹി:ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാകിബ് അല്‍ ഹസന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബൗളിങ് വിലക്കി. നിയമ വിരുദ്ധമായ ബൗളിങ് ആക്ഷന്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്‍റെ പേരില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഷാകിബിന് നേരത്തെ ബൗളിങ്ങില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിലവില്‍ ഷാക്കിബ് ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ കളിക്കുകയാണ്. സറേ ടീമിന്‍റെ ഭാഗമായിരുന്ന താരം അടുത്തിടെ സോമർസെറ്റിനെതിരായ മത്സരത്തിൽ കളിച്ചിരുന്നു. കളിയുടെ ആദ്യ ഇന്നിംഗ്‌സിൽ ഷാക്കിബ് 12 റൺസ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായി.
എന്നാൽ മത്സരത്തിൽ തകര്‍പ്പന്‍ ബൗൾ ചെയ്ത ഷാക്കിബ് രണ്ട് ഇന്നിങ്‌സുകളിലുമായി 9 വിക്കറ്റാണ് വീഴ്ത്തിയത്. തുടർന്ന് ഓൺ-ഫീൽഡ് അമ്പയർമാര്‍ ആശങ്ക ഉന്നയിക്കുകയായിരുന്നു. പിന്നാലെ ബൗളിങ് ആക്ഷന്‍ വിശകലനത്തിന് വിധേയമായി. ഇതാണ് വിലക്കിലേക്ക് നയിച്ചത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഷാക്കിബിന്‍റെ ബൗളിങ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. താരത്തിന്‍റെ ബൗളിംഗ് ആക്ഷൻ 15 ഡിഗ്രി പരിധി കടന്നിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമമനുസരിച്ച് കൈത്തണ്ട 15 ഡിഗ്രിയിൽ കൂടുതൽ തിരിക്കാൻ പാടില്ല. ഈ പശ്ചാത്തലത്തിലാണ് ബൗളിങ്ങിന് വിലക്ക് ഏർപ്പെടുത്തിയത്.
ബോളിങ്ങിൽ നിന്ന് വിലക്കുണ്ടെങ്കിലും ഷാക്കിബിന് ഒരു ബാറ്ററായി കളിക്കാൻ കഴിയും. നിലവില്‍ സജീവ ഏകദിന കളിക്കാരനാണെങ്കിലും കഴിഞ്ഞ അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് പരമ്പരകളിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. നിലവിൽ ലങ്ക ടി10യുടെ ഭാഗമാണ്.
ഷാക്കിബ് ഇതുവരെ 71 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. 4609 റൺസാണ് ടെസ്റ്റില്‍ നേടിയിട്ടുള്ളത്. ഈ ഫോർമാറ്റിൽ 246 വിക്കറ്റുകളാണ് ഷാക്കിബ് നേടിയത്. ഒരു ഇന്നിംഗ്‌സിൽ 36-ന് 7 എന്നതായിരുന്നു താരത്തിന്‍റെ മികച്ച പ്രകടനം. 247 ഏകദിനങ്ങൾ കളിച്ച ഷാകിബ് 7570 റൺസ് നേടിയിട്ടുണ്ട്. 317 വിക്കറ്റുകളും നേടി.
Also Read:രണ്ട് തവണ ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ഡാരൻ സമി ഇനി വെസ്റ്റ് ഇന്‍ഡീസ് മുഖ്യ പരിശീലകൻ - DAREN SAMMY