കിങ്‌സ്‌ടൗണ്‍ (വെസ്റ്റ് ഇൻഡീസ്): വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20യിൽ ബംഗ്ലാദേശിന് ഏഴ് റൺസ് ജയം. മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടിയിൽ വിന്‍ഡീസ് 19.5 ഓവറിൽ 140 റൺസിൽ എല്ലാവരും പുറത്തായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൂന്ന് ടി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് 1-0 ന് മുന്നിലെത്തി. ഏകദിന പരമ്പര 0-3ന് തോറ്റ ബംഗ്ലാദേശ് ആദ്യ ടി20യിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു
ആദ്യമായാണ് ബംഗ്ലാദേശ് ഒരു ടി20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തുന്നത്. ബംഗ്ലാദേശിനായി മെഹ്ദി ഹസനാണ് 4 വിക്കറ്റുകൾക്കൊപ്പം 26 റൺസിന്‍റെ സുപ്രധാന ഇന്നിങ്സ് കളിച്ച് ടീമിനെ വിജയത്തിലെത്തിച്ചത്. താരത്തിനാണ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ചത്.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.വിന്‍ഡീസ് നിശ്ചിത 20 ഓവറിൽ ബംഗ്ലാദേശിനെ ആറുവിക്കറ്റില്‍ 147 സ്‌കോറിൽ ഒതുക്കി. സൗമ്യ സർക്കാരാണ് 47 റൺസ് നേടിയപ്പോള്‍ സക്കീർ അലിയും ഷമീം ഹുസൈനും 27 റൺസ് വീതം ഇന്നിങ്‌സ് കളിച്ചു. അതേസമയം, വിന്‍ഡീസിനായി അകിൽ ഹൊസൈൻ, ഒബെദ് മക്കോയ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ കരീബിയൻ ബാറ്റര്‍മാരെ സമ്മർദ്ദത്തിലാക്കുന്നതിൽ ബംഗ്ലാ ബൗളർമാർ വിജയിച്ചു. 60 റൺസ് നേടിയ ക്യാപ്റ്റൻ റോവ്മാൻ പവൽ മികച്ച ഇന്നിങ്സാണ് കളിച്ചത്. അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേർഡ് (22) ഉജ്ജ്വലമായ ഷോട്ടുകൾ പായിച്ചു.
പക്ഷേ താരത്തിന്‍റെ ശ്രമങ്ങൾ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിനെ 19.5 ഓവറിൽ 140 റൺസിന് പുറത്താക്കി. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ 4 വിക്കറ്റും ഹസൻ മഹമൂദും തസ്കിൻ അഹമ്മദും 2 വിക്കറ്റ് വീതവും വീഴ്ത്തി.
Also Read:സച്ചിനേയും വിവ് റിച്ചാർഡ്‌സിനേയും മറികടന്നു; റെക്കോര്‍ഡ് നേട്ടത്തില്‍ ജോ റൂട്ട് - JOE ROOT NEW RECORD