ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു, മോശം ഫോമിനെ തുടർന്ന് ഷഫാലി വർമയെ ടീമിൽ നിന്ന് ഒഴിവാക്കി. ബോർഡ് പരീക്ഷകൾ കാരണം ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയിൽ നിന്ന് പുറത്തായതിന് ശേഷം റിച്ച ഘോഷ് തിരിച്ചെത്തി.
പരമ്പരയ്ക്കുള്ള ടീമിൽ 4 ബാറ്റര്‍മാരായി പ്രിയാ പുനിയ, ഹർലീൻ ഡിയോൾ, മീനു മണി, ടിറ്റാസ് സാധു എന്നിവരെ ഇന്ത്യ പ്രഖ്യാപിച്ചു. മത്സരങ്ങൾ ഡിസംബർ 5, 8, 11 തീയതികളിൽ ബ്രിസ്‌ബേനിലും പെർത്തിലും നടക്കും.50 ഓവർ ക്രിക്കറ്റിൽ ഷെഫാലിയുടെ ഫോം ഇന്ത്യൻ ടീമിനെ ആശങ്കയിലാഴ്ത്തി. 2023 ഡിസംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വൈറ്റ് ബോൾ ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. ഷെഫാലിയുടെ അഭാവത്തിൽ യാസ്തിക ഭാട്ടിയയും സ്മൃതി മന്ദാനയുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്‌തത്.
ടീമിന്‍റെ മധ്യനിരയിൽ ഇടം നേടുന്നതിനായി ശ്രമിച്ച പ്രിയ പുനിയ 2023 മുതൽ 3 ഏകദിന മത്സരങ്ങളാണ് കളിച്ചത്. ആഭ്യന്തര സർക്യൂട്ടിലെ മികച്ച പ്രകടനം കാരണം ഈ വർഷം ജൂണിൽ താരം ദേശീയ ടീമിലേക്ക് മടങ്ങിയെത്തി.ഡി ഹേമലതയ്ക്കും ഓഫ് സ്പിന്നർ ശ്രേയങ്ക പാട്ടീലിനും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ലെഗ് സ്പിന്നർ ആശാ ശോഭനയും പൂജ വസ്‌ത്രാക്കറും ടീമിന് പുറത്താണ്.