ബ്രിസ്‌ബേൻ:പാകിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ഓസ്‌ട്രേലിയക്ക് ജയം. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. മഴയെ തുടര്‍ന്ന് ഏഴ് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 93 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍റെ പോരാട്ടം 9 വിക്കറ്റ് നഷ്‌ടത്തില്‍ 64 റണ്‍സില്‍ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ സേവിയര്‍ ബാര്‍ട്‌ലെറ്റും നാഥൻ എല്ലിസും ചേര്‍ന്നാണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ അബ്ബാസ് അഫ്രീദിയാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഹസീബുള്ള ഖാൻ (12), ഷഹീൻ അഫ്രീദി (11) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍. ഷഹിബ്‌സാദ ഫര്‍ഹാൻ (8), മുഹമ്മദ് റിസ്‌വാൻ (0), ഉസ്‌മാൻ ഖാൻ (4), ബാബര്‍ അസം (3), ഇര്‍ഫാൻ ഖാൻ (0), സല്‍മാൻ അലി ആഗ (4) എന്നിങ്ങനെയാണ് മറ്റ് പാക് താരങ്ങളുടെ പ്രകടനം.