സിഡ്‌നി:ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പാറ്റ് കമ്മിൻസ് നായകനും സ്റ്റീവ് സ്‌മിത്ത് വൈസ് ക്യാപ്‌റ്റനുമായ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍ ഇടം പിടിച്ചു. നാഥൻ മക്‌സ്വീനി, ജോഷ് ഇംഗ്ലിസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ഇന്ത്യ എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് 25കാരനായ മക്‌സ്വീനിയെ തുണച്ചത്. വെറ്ററൻ ബാറ്റര്‍ ഉസ്‌മാൻ ഖവാജയ്‌ക്കൊപ്പം ഓസീസ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള ചുമതലയാകും മത്സരത്തില്‍ താരത്തിന് ലഭിക്കുക. ആഭ്യന്തര ക്രിക്കറ്റിലെ ഫോമിന്‍റെ അടിസ്ഥാനത്തിലാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസിനെ ടീം പരിഗണിച്ചിരിക്കുന്നത്.
നവംബര്‍ 22ന് പെര്‍ത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഉറപ്പിക്കാൻ ഇരു ടീമിനും നിര്‍ണായകമാണ് ഈ പരമ്പര.