സിഡ്‌നി:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. സിഡ്‌നിയില്‍ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ അനായാസ ജയമാണ് കങ്കാരുപ്പട ഇന്ത്യയ്‌ക്കെതിരെ നേടിയത്. പത്ത് വര്‍ഷത്തിന് ശേഷമാണ് സ്വന്തം നാട്ടില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.
കഴിഞ്ഞ രണ്ട് തവണ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോഴും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു ജയം. ഇത്തവണ പെര്‍ത്തിലെ ആദ്യ ടെസ്റ്റ് ജയിച്ചതോടെ ഇന്ത്യ പരമ്പര നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിച്ചത്. എന്നാല്‍, ഒന്നാം ടെസ്റ്റിലെ മികവ് പിന്നീടുള്ള മത്സരങ്ങളില്‍ ടീം ഇന്ത്യയ്‌ക്ക് പുലര്‍ത്താനായില്ല.
അഡ്‌ലെയ്‌ഡിലും മെല്‍ബണിലും സിഡ്‌നിയിലും ജയിച്ച ഓസ്‌ട്രേലിയ 3-1 എന്ന നിലയിലാണ് പരമ്പര നേടിയെടുത്തത്. സിഡ്‌നിയിലെ രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്‌റ്റൻ ജസ്‌പ്രീത് ബുംറയുടെ അഭാവം ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
162 എന്ന വിജയലക്ഷ്യമാണ് മൂന്നാം ദിനത്തില്‍ ഇന്ത്യ ഓസീസിന് മുന്നില്‍ വച്ചത്. ബുംറയില്ലാതെയിറങ്ങിയ ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞ സിറാജും പ്രസിദ് കൃഷ്‌ണയും ആദ്യ ഓവറുകളില്‍ എക്സ്ട്രാസും ബൈയും യഥേഷ്ടം വിട്ടുകൊടുത്തു. ഇതോടെ, സമ്മര്‍ദങ്ങള്‍ ഒന്നുമില്ലാതെ ഓസീസ് ഓപ്പണര്‍മാര്‍ക്കും ബാറ്റ് വീശാനായി.