ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടത്തിനായുള്ള പോരാട്ടം കനത്തു. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ആഴ്‌സനല്‍ നാണംകെടുത്തി. സിറ്റിയുടെ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് ഗണ്ണേഴ്‌സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടാണ് സിറ്റിക്കായി ഗോള്‍ കണ്ടെത്തിയത്. മാർട്ടിൻ ഒഡെഗാർഡ്, തോമസ് പാർട്ടി, മൈൽസ് ലൂയിസ്-സ്കെല്ലി, കെയ് ഹവാർട്സ്, ഏഥന്‍ ന്വാനേരി എന്നിവർ ആഴ്‌സനലിനായി വല ചലിപ്പിച്ചു. എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ സിറ്റിയുടെ നെഞ്ചത്ത് ഗോളടിച്ച് ആഴ്‌സനല്‍ മുന്നേറ്റം തുടങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ബലത്തില്‍ ഗണ്ണേഴ്‌സ് ലീഡ് നേടുകയായിരുന്നു.
ENGLISH PREMIER LEAGUE (getty) രണ്ടാം പകുതിയുടെ 55-ാം മിനിറ്റിലാണ് സിറ്റി സമനില ഗോൾ നേടിയത്. സാവിഞ്ഞോയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ഹാളണ്ട് വല കുലുക്കുകയായിരുന്നു. പിന്നാലെ തോമസിലൂടെ 56-ാം മിനിറ്റിൽ ആഴ്‌സനൽ 2-1ന്റെ ലീഡ് എടുത്തു. 62-ാ മിനിറ്റില്‍ ലൂയിസ് സ്കെല്ലിയും 76-ാം മിനിറ്റില്‍ ഹവാർട്‌സും ഗോളടിച്ചതോടെ ആഴ്‌സനല്‍ ജയമുറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ഏഥനിലൂടെ ടീമിന്‍റെ അഞ്ചാം ഗോളും വന്നതോടെ സിറ്റി നാണംകെട്ടു. 24 മത്സരത്തില്‍ നിന്ന് 41 പോയിന്‍റോടെ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.
വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയില്‍ 24 മത്സരങ്ങളിൽ നിന്ന് 14 ജയവും എട്ട് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ 50 പോയിന്‍റുമായി ആഴ്‌സനല്‍ രണ്ടാമതാണ്. 23 കളികളില്‍ നിന്ന് 17 ജയവും അഞ്ച് സമനിലയും ഒരു തോൽവിയും ഉൾപ്പെടെ 56 പോയിന്‍റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇരു ക്ലബുകളും കിരീടപ്പോരിനായി വരും മത്സരങ്ങളില്‍ പോരാട്ടം കനപ്പിക്കുമെന്നുറപ്പാണ്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്‍റെ തോൽവി. ബ്രെന്‍റ്ഫോർഡിനെ പരാജയപ്പെടുത്തി ടോട്ടൻഹാമും ജയം നേടി.