ഫ്ലോറിഡ:കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി അര്‍ജന്‍റീന. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന തകര്‍ത്തത്. ഇരു ടീമും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ചവെച്ച മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ ലൗട്ടാറോ മാര്‍ട്ടിനെസ് നേടിയ ഗോളിലാണ് അര്‍ജന്‍റീന ജയം പിടിച്ചത്.
കോപ്പയില്‍ അര്‍ജന്‍റീനയുടെ 16-ാം കിരീടനേട്ടമാണിത്. ഇതോടെ, കോപ്പയില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന ടീമായി മാറാൻ അര്‍ജന്‍റീനയ്‌ക്കായി.
ലയണല്‍ മെസി, ഹൂലിയൻ അല്‍വാരസ്, ഏയ്‌ഞ്ചല്‍ ഡി മരിയ എന്നിവരെ മുൻനിരയില്‍ അണിനിരത്തി 4-3-3 എന്ന ഫോര്‍മേഷനിലായിരുന്നു അര്‍ജന്‍റീന ഫൈനല്‍ പോരിനിറങ്ങിയത്. മറുവശത്ത് 4-2-3-1 ഫോര്‍മേഷനിലായിരുന്നു കൊളംബിയ താരങ്ങളെ അണിനിരത്തിയത്. കൊളംബിയയെ ഞെട്ടിച്ചുകൊണ്ടായിരുന്നു മത്സരത്തില്‍ അര്‍ജന്‍റീനയുടെ തുടക്കം.
മത്സരത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ കൊളംബിയൻ ബോക്സിലേക്ക് കടന്നുകയറാൻ അവര്‍ക്കായി. ബോക്‌സിനുള്ളില്‍ നിന്നും അല്‍വാസര് പായിച്ച ഷോട്ട് പോസ്റ്റിന് അരികിലൂടെ പുറത്തേക്ക് പോയി. എന്നാല്‍, പിന്നീട് കളിയുടെ നിയന്ത്രണം കൊളംബിയ പതിയെ പിടിച്ചെടുത്തു.
തുടര്‍ച്ചയായി അര്‍ജന്‍റീനയുടെ ഗോള്‍മുഖത്തേക്ക് കൊളംബിയ ഇരച്ചെത്തി. വിങ്ങുകളിലൂടെയും പന്ത് കൈവശം വച്ചും കൊളംബിയയുടെ ആക്രമണങ്ങള്‍. വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങള്‍ തടയാൻ അര്‍ജന്‍റീനയുടെ പ്രതിരോധം നന്നായി പണിപ്പെട്ടു. കിട്ടിയ അവസരങ്ങളില്‍ പ്രത്യാക്രമണം നടത്താൻ അര്‍ജന്‍റീനയും ശ്രമിച്ചു. ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല.
രണ്ടാം പകുതിയിലേക്ക് വന്നപ്പോഴും ആക്രമണങ്ങളില്‍ മുന്നിട്ട് നിന്നത് കൊളംബിയ തന്നെയായിരുന്നു. എന്നാല്‍, പതിയെ അര്‍ജന്‍റീനയും ട്രാക്കിലേക്ക് കയറി. ഇതിനിടെ പരിക്കേറ്റ ലയണല്‍ മെസിയെ കളിക്കളത്തില്‍ നിന്നും പിൻവലിക്കയുണ്ടായി. പകരം നിക്കോളസ് ഗോണ്‍സാലസിനെയായിരുന്നു കളത്തിലേക്ക് ഇറങ്ങിയത്.
കളിക്കളത്തില്‍ നിന്നും തിരികെ വിളിച്ചതോടെ ഡഗ്ഔട്ടില്‍ പൊട്ടിക്കരയുന്ന മെസിയേയും ആരാധകര്‍ കണ്ടു. മെസിയുടെ പകരക്കാരനായി വന്ന ഗോണ്‍സാലസ് മത്സരത്തിന്‍റെ 75-ാം മിനിറ്റില്‍ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിക്കുകയായിരുന്നു. പിന്നീട്, നിശ്ചിത സമയത്തും ഇരുടീമിനും സ്കോര്‍ ചെയ്യാൻ സാധിക്കാത്തതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയിലും ഗോള്‍ പിറന്നില്ല. 112-ാം മിനിറ്റിലായിരുന്നു ലൗട്ടേറ മാര്‍ട്ടിനെസ് അര്‍ജന്‍റീനയുടെ രക്ഷകനായി അവതരിച്ചത്. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും ഡി പോള്‍ നീട്ടിയ പന്ത് ലോ സെല്‍സോ ബോക്സിലേക്ക് നീട്ടിനല്‍കി. ഈ പന്തിലേക്ക് ഓടിയെത്തിയ മാര്‍ട്ടിനെസ് കൊളംബിയൻ ഗോള്‍ കീപ്പറെ മറികടന്ന് ഗോള്‍ നേടുകയായിരുന്നു.