മയാമി: കോപ്പ അമേരിക്ക ടൂർണമെന്‍റിൽ കാനഡയെ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലയണല്‍ മെസിയും സംഘവും ഫൈനൽ ഉറപ്പിച്ചത്. ജൂലിയന്‍ അല്‍വാരസ്, മെസി എന്നിവരാണ് നീലപ്പടയ്‌ക്കായി ഗോളടിച്ചത്. ലോകചാമ്പ്യന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് കാനഡ തോല്‍വി സമ്മതിച്ചത്.
മത്സരത്തിന്‍റെ ഇരു പകുതികളിലുമായാണ് അര്‍ജന്‍റീന ഗോളടിച്ചത്. കാനഡയുടെ പ്രതിരോധ നിരയുടെ ദുർബലത മുതലെത്തായിരുന്നു ലോകചാമ്പ്യന്മാര്‍ വിജയം പിടിച്ചത്. ജൂലിയൻ അൽവാരസായിരുന്നു അര്‍ജന്‍റീനയ്‌ക്കായി ആദ്യം വലകുലുക്കിയത്.
22 -ാം മിനുട്ടിൽ കാനഡയുടെ പ്രതിരോധ നിരയെ നിഷ്പ്രഭരാക്കി ഡീൻ പോളിന്‍റെ പാസിൽ നിന്നായിരുന്നു അൽവാരസ് ഗോൾ നേടിയത്. രണ്ടാം പകുതിയുടെ 51 -ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്‍റെ പാസിലാണ് അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലക്ഷ്യം കണ്ടത്. ടൂർണമെന്‍റിൽ മെസിയുടെ ആദ്യ ഗോളാണിത്. യഥാര്‍ഥത്തില്‍ എൻസോയുടെ അക്കൗണ്ടിലാകേണ്ടിയിരുന്ന ഗോളായിരുന്നു അത്.