മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിനായി ഇന്ത്യൻ ടീം നാളെ കളത്തിലിറങ്ങുകയാണ്. സൂര്യകുമാര്‍ യാദവിന് കീഴില്‍ നാല് ടി20 പോരാട്ടങ്ങള്‍ക്കായി പ്രോട്ടീസ് മണ്ണിലെത്തിയിരിക്കുന്ന സംഘത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണുമുണ്ട്. ടീമിന്‍റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും ഓപ്പണറുമായാണ് സഞ്ജു ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിന്‍റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും ഓപ്പണറുമാകുന്നത്. അടുത്തിടെ നടന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും ഇതേ റോളായിരുന്നു സഞ്ജുവിന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങാനിരിക്കെ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായ സഞ്ജുവിന്‍റെ പ്രധാന ദൗര്‍ബല്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെ.
ജിയോ സിനിമയുടെ ടോക്ക് ഷോയില്‍ സംസാരിക്കവെയാണ് കുംബ്ലെയുടെ പ്രതികരണം. ബാറ്റിങ്ങില്‍ സഞ്ജുവിന്‍റെ സ്ഥിരതയില്ലായ്‌മയെ കുറിച്ചാണ് കുംബ്ലെയും തുറന്ന് പറഞ്ഞത്. ശരിയായ രീതിയില്‍ താരത്തെ ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം മാറ്റിയെടുക്കാൻ സാധിക്കുമെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.
'ദീര്‍ഘനാളത്തേക്ക് സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തുന്നതിനെ കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ സെഞ്ച്വറി അവന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരിക്കും. ഒരു ബാറ്റര്‍ എന്ന നിലയില്‍ സഞ്ജുവിന്‍റെ ശേഷി നമുക്ക് എല്ലാവര്‍ക്കും അറിയാം. ശരിക്കുമൊരു ക്ലാസ് പ്ലെയറാണ് അവൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍, സ്ഥിരതയില്ലായ്‌മ സഞ്ജുവിന്‍റെ ബാറ്റിങ്ങില്‍ വലിയൊരു പ്രശ്‌നം തന്നെയാണ്. ഇക്കാര്യം സെലക്‌ടര്‍മാരും ശ്രദ്ധിക്കുന്നുണ്ടാകും. ടോപ് ഓര്‍ഡറില്‍ പ്രത്യേകിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ അവനെ കളിപ്പിക്കുന്നതായിരിക്കും ശരിയായ സമീപനം. ഈ പൊസിഷനുകളില്‍ ഏതെങ്കിലുമൊന്ന് സഞ്ജുവിന് നല്‍കിയാല്‍ അവൻ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.