ന്യൂഡൽഹി:ജയ് ഷാ ഐസിസി ചെയർമാനായതിന് തൊട്ടുപിന്നാലെ ഇറ്റലിയില്‍ നിന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് സങ്കടകരമായ ഒരു വാര്‍ത്ത വന്നിരിക്കുകയാണ്. ഇറ്റലിയിലെ മോൺഫാൽകോൺ നഗരത്തിൽ ക്രിക്കറ്റ് നിരോധിച്ചു. ജയ് ഷാ ഐസിസി തലപ്പത്ത് എത്തിയതിന് നിരോധനവുമായി യാതൊരു ബന്ധവുമില്ല.
മോൺഫാൽകോണില്‍ ക്രിക്കറ്റ് കളിക്കുന്നത് പിടിക്കപ്പെട്ടാല്‍ 10000 രൂപ പിഴ ഇടാക്കാനും ഉത്തരവ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കുന്നത് സിസിടിവി വഴി കണ്ടെത്തിയതിനെ തുടര്‍ന്ന് കൗമാരക്കാരില്‍ നിന്ന് അധികൃതര്‍ പിഴ ഈടാക്കിയിരുന്നു.
ക്രിക്കറ്റും അത് കളിക്കുന്ന ബംഗ്ലാദേശികളും പ്രാദേശിക സംസ്‌കാരവുമായി പൊരുത്തപെടുന്നില്ല എന്ന് കാണിച്ചാണ് മോൺഫാൽകോണ്‍ മേയര്‍ അന്ന മരിയ സിസിൻ്റ് ക്രിക്കറ്റിന് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്. പ്രദേശിക സംസ്‌കാരവും ക്രിസ്ത്യന്‍ വിശ്വാസവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ക്രിക്കറ്റ് നിരോധിച്ചതെന്ന് മേയര്‍ പറഞ്ഞു.
മോൺഫാൽകോൺ നഗരത്തിലെ മൂന്നില്‍ ഒന്ന് ഭാഗത്തും താമസിക്കുന്നത് കുടിയേറ്റക്കാരായ വിദേശികളാണ്. ഇതില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളാണ്. മോൺഫാൽകോൺ നഗരത്തില്‍ ക്രിക്കറ്റ് കളി പ്രോത്സാഹിപ്പിച്ചിരുന്നത് ബംഗ്ലാദേശികളാണ്. ബംഗ്ലാദേശികളും പ്രദേശവാസികളും ഒരുമിച്ചുളള ക്രിക്കറ്റ് കളി പ്രാദേശിക സംസ്‌കാരത്തെ ഇല്ലാതാക്കും എന്നാണ് മേയറുടെ ഭാഷ്യം.