ന്യൂഡൽഹി: സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വർഷത്തിന് ശേഷം ലെഗ് സ്പിന്നർ റാഷിദ് ഖാൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. സിംബാബ്‌വെയ്‌ക്കെതിരെ 2021 ലാണ് തന്‍റെ അവസാന ടെസ്റ്റ് മത്സരം റാഷിദ് ഖാൻ കളിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിന്നാലെ വിശ്രമവും പരിക്കും കാരണം ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ് എന്നിവർക്കെതിരായ അഫ്‌ഗാന്‍റെ അടുത്ത ടെസ്റ്റ് മത്സരങ്ങളിൽ റാഷിദിന് കളിക്കാനായില്ല. സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1 ന് അഫ്‌ഗാനിസ്ഥാൻ സ്വന്തമാക്കി. ഇനി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഡിസംബർ 17 ന് ആരംഭിക്കും.
ഡിസംബർ 26 മുതൽ ജനുവരി 6 വരെ ബുലവായോയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 26ന് ബുലവായോയിൽ ആരംഭിക്കും. രണ്ടാം ടെസ്റ്റ് ജനുവരി 2 മുതൽ നടക്കും.
ഹഷ്മത്തുള്ള ഷാഹിദി സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിനെ നയിക്കും. 2021ൽ സിംബാബ്‌വെയ്‌ക്കെതിരായ ഒരു ടെസ്റ്റ് ഉൾപ്പെടെ ഇതുവരെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അഫ്‌ഗാൻ വിജയിച്ചിട്ടുണ്ട്. ടീമിനായി നേരത്തെ തന്നെ ഏകദിന, ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇടംകൈയ്യൻ ടോപ് ഓർഡർ ബാറ്റര്‍ സെഡിഖുള്ള അടലിനെ ടീം ഉൾപ്പെടുത്തിയിട്ടുണ്ട്.
ടെസ്റ്റ് ടീമിൽ ഏഴ് അൺക്യാപ്ഡ് കളിക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. അസ്മത്തുള്ള ഒമർസായി, ഫരീദ് അഹമ്മദ് മാലിക്, റിയാസ് ഹസൻ എന്നിവരും ടീമിലുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 723 റൺസും 12 വിക്കറ്റും നേടിയ യുവ മീഡിയം പേസ് ഓൾറൗണ്ടർ ഇസ്മത്ത് ആലം ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടി.
പുറമെ, ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം ഇടങ്കയ്യൻ സ്പിന്നർ സഹീർ ഷെഹ്‌സാദ്, ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ ബഷീർ അഹമ്മദ് അഫ്ഗാൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. നാസിർ ജമാൽ, സിയ ഉർ റഹ്മാൻ ഷെരീഫി, ഇബ്രാഹിം അബ്ദുൾറഹിംസായി എന്നിവരാണ് പരമ്പരയ്ക്കുള്ള റിസർവ് കളിക്കാരുടെ ഭാഗമായ മൂന്ന് താരങ്ങൾ.
അഫ്‌ഗാനിസ്ഥാൻ ടെസ്റ്റ് ടീം:ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), റഹ്മത്ത് ഷാ (വൈസ് ക്യാപ്റ്റൻ), ഇക്രം അലിഖൈൽ (വിക്കറ്റ് കീപ്പർ), അഫ്സർ സസായി (വിക്കറ്റ് കീപ്പർ), റിയാസ് ഹസൻ, സെദിഖുള്ള അടൽ, അബ്ദുൾ മാലിക്, ബഹീർ ഷാ മെഹബൂബ്, ഇസ്മത്ത് ആലം. അസ്മത്തുള്ള ഉമർസായി, സഹീർ ഖാൻ, സിയ ഉർ റഹ്മാൻ അക്ബർ, സഹീർ ഷെഹ്സാദ്, റാഷിദ് ഖാൻ, യമീൻ അഹമ്മദ്‌സായി, ബഷീർ അഹമ്മദ് അഫ്ഗാൻ, നവിദ് സദ്രാൻ, ഫരീദ് അഹമ്മദ് മാലിക്.
Also Read:സീസണിലെ മോശം പ്രകടനം; പരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ് - MIKAEL STAHRE