ട്രിനിഡാഡ്: ടി20 ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാൻ ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും ഇറങ്ങുന്നു. ഇന്ത്യൻ സമയം ജൂണ്‍ 27 പുലര്‍ച്ചെ ആറിന് ട്രിനിഡാഡ് സാൻ ഫെര്‍ണാണ്ടോയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ സെമി ഫൈനല്‍ പോരാട്ടം. 10 വര്‍ഷത്തിന് ശേഷം ആദ്യമായി ടി20 ലോകകപ്പ് സെമി ഫൈനലിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയും, പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി നോക്ക് ഔട്ട് മത്സരം കളിക്കുന്ന അഫ്‌ഗാനിസ്ഥാനും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ തീപാറുന്ന പോരാട്ടത്തിനാണ് ആരാധകരും കാത്തിരിക്കുന്നത്.
ടൂര്‍ണമെന്‍റിലെ കറുത്ത കുതിരകളെന്ന വിശേഷണം ചേരുന്ന ടീമാണ് അഫ്‌ഗാനിസ്ഥാൻ. കരുത്തരായ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകളെ ഞെട്ടിക്കാൻ ഇത്തവണ റാഷിദ് ഖാനും സംഘത്തിനുമായി. ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അഫ്‌ഗാൻ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്.
പ്രാഥമിക റൗണ്ടിലെ നാല് കളിയില്‍ മൂന്ന് ജയമായിരുന്നു അഫ്‌ഗാൻ സ്വന്തമാക്കിയത്. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റെങ്കിലും ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകളോട് ജയിച്ചുകൊണ്ട് സെമിയിലേക്ക് മുന്നേറാൻ അവര്‍ക്കായി. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് ആവേശജയം നേടിക്കൊണ്ടായിരുന്നു അഫ്‌ഗാൻ സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരുടെയും വിക്കറ്റ് വേട്ടക്കാരുടെയും പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ട് വീതം അഫ്‌ഗാൻ താരങ്ങളാണുള്ളത്. റണ്‍വേട്ടക്കാരില്‍ ഒന്നാമനായ റഹ്മാനുള്ള ഗുര്‍ബാസ്, മൂന്നാമനായ ഇബ്രാഹിം സദ്രാൻ എന്നിവരിലാണ് അവരുടെ റണ്‍സ് പ്രതീക്ഷകള്‍. ഫസല്‍ഹഖ് ഫറൂഖി, നായകൻ റാഷിദ് ഖാൻ, പേസര്‍ നവീൻ ഉള്‍ ഹഖ് എന്നിവരുടെ പ്രകടനങ്ങളാകും ബൗളിങ്ങില്‍ അഫ്‌ഗാൻ പടയ്‌ക്ക് നിര്‍ണായകമാകുക.