മൊഹാലി : ഐപിഎല്ലില്‍ (IPL 2024) പഞ്ചാബ് കിങ്‌സിനെതിരെ (Punjab Kings) കൈവിട്ട കളിയിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ (Delhi Capitals) തിരികെ എത്തിച്ചത് ഇംപാക്‌ട് പ്ലെയര്‍ അഭിഷേക് പോറെലാണ് (Abishek Porel). ആദ്യം ബാറ്റ് ചെയ്യവെ ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മധ്യനിര തകര്‍ന്നതോടെ ഒരു ഘട്ടത്തില്‍ വമ്പന്‍ പ്രതിരോധത്തിലേക്ക് ഡല്‍ഹി വീണു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇംപാക്‌ട് പ്ലെയറെ ഡല്‍ഹിക്ക് കളത്തിലിറക്കേണ്ടി വന്നു.
ഒമ്പതാം നമ്പറായി 21-കാരന്‍ പയ്യന്‍ അഭിഷേക് പൊറെലിനെയായിരുന്നു ടീം ക്രീസിലേക്ക് അയച്ചത്. മിന്നും പ്രകടനം നടത്തിയായിരുന്നു അഭിഷേക് പ്രതീക്ഷ കാത്തത്. 10 പന്തുകൾ മാത്രം നേരിട്ട അഭിഷേക് പുറത്താവാതെ നാല് ഫോറുകളും രണ്ട് സിക്‌സും സഹിതം 32 റണ്‍സാണ് നേടിയത്. ഇതില്‍ 25 റണ്‍സ് പഞ്ചാബിന്‍റെ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel) എറിഞ്ഞ അവസാന ഓവറിലാണ് 21-കാരന്‍ അടിച്ച് കൂട്ടിയത്.
മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമായിരുന്നു ഹര്‍ഷലിനെതിരെ അഭിഷേക് നേടിയത്. ആദ്യ പന്തില്‍ സ്ക്വയർ ലെഗിലേക്ക് ബൗണ്ടറിയടിച്ചുകൊണ്ടായിരുന്നു ഹര്‍ഷലിനെ അഭിഷേക് വരവേറ്റത്. രണ്ടാം വിക്കറ്റ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറന്നു. മൂന്നാം പന്തില്‍ ഒരു തകര്‍പ്പന്‍ പുള്‍ഷോട്ടിലൂടെ ബൗണ്ടറി.