മുംബൈ : ഇംഗ്ലണ്ടിനെതിരെ (India vs England Test) ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് വിശാഖപട്ടണം ടെസ്റ്റ് നഷ്‌ടമായ കെഎല്‍ രാഹുല്‍ (KL Rahul) രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവര്‍ സ്‌ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഫിറ്റ്‌നസിന് വിധേയമായി ആയിരിക്കും ഇരുവരും കളിക്കുകയെന്ന് സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. രാഹുല്‍ കളിക്കുന്ന കാര്യം ഏറെക്കുറെ ഉറപ്പാണെങ്കിലും ജഡേജയുടെ കാര്യത്തില്‍ ചെറിയ ആശങ്കയുള്ളതായാണ് നിലവിലെ റിപ്പോര്‍ട്ട്.
ഇപ്പോഴിതാ ജഡേജയുടെ കാര്യത്തില്‍ സെലക്‌ടര്‍മാര്‍ തിടുക്കം കാട്ടരുതെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). ടീമില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത താരമാണ് ജഡേജ. എന്നാല്‍ ഏറെ പരിക്കില്‍ നിന്നും കരകയറുന്ന താരത്തിന്‍റെ കാര്യത്തില്‍ തിടുക്കം കാട്ടിയാല്‍ അത് തിരിച്ചടി ആയേക്കുമെന്നാണ് ആകാശ് ചോപ്രയുടെ മുന്നറിയിപ്പ്.
"ഈ ടീമില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത താരമാണ് രവീന്ദ്ര ജഡേജ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അവന് ധാരാളം പന്തെറിയേണ്ടി വരും. ബാറ്റ് ചെയ്യുകയും ഫീൽഡ് ചെയ്യുകയും വേണം. അവന്‍ ഒരു ത്രീഡി പ്ലെയറാണ്. അതുകൊണ്ടുതന്നെ അവന്‍റെ കാര്യത്തില്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക എന്നാണ് എനിക്ക് പറയാനുള്ളത്" - ആകാശ് ചോപ്ര പറഞ്ഞു.
പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളിലും വിരാട് കോലി ഇന്ത്യയ്‌ക്കായി കളിക്കുന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇറങ്ങാതിരുന്ന താരം വ്യക്തിഗതമായ കാരണങ്ങളാലാണ് പരമ്പരയില്‍ നിന്നും പിന്മാറിയതെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് 35-കാരന്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നത്.