മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണില്‍ പുതിയ പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ആരാധകര്‍. കഴിഞ്ഞ 16 സീസണുകളിലും കിട്ടാക്കനിയായ ഐപിഎല്‍ കിരീടം ഇക്കുറി ടീമിന് നേടിയെടുക്കാന്‍ കഴിയുമോയെന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്. സ്റ്റാർ ബാറ്റർമാരായ വിരാട് കോലി-ഫാഫ് ഡു പ്ലെസിസ് (Faf du Plessis) എന്നിവരിലാണ് ആരാധകര്‍ പ്രതീക്ഷ വയ്‌ക്കുന്നത്.
ആര്‍സിബിയുടെ കോലി- ഡ്ലുപ്ലെസിസ് ഓപ്പണിങ് കോമ്പിനേഷന്‍ എതിരാളികള്‍ക്ക് എപ്പോഴും ഭീഷണി ആയി മാറുന്ന കാഴ്‌ചയാണ് പലപ്പോഴും കാണാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും ഡുപ്ലെസിസ് 730 റൺസ് അടിച്ച് കൂട്ടിയപ്പോള്‍, ഇത്രയും മത്സരങ്ങളില്‍ നിന്ന് തന്നെ 639 റൺസായിരുന്നു കോലിയുടെ (Virat Kohli ) സമ്പാദ്യം.
എന്നാല്‍ പുതിയ സീസണില്‍ അതിന് മാറ്റമുണ്ടാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര ( Aakash Chopra). ടി20യില്‍ ഇരുവരുടേയും സമീപകാല പ്രകടനങ്ങള്‍ ടീം മാനേജ്‌മെന്‍റ് വിലയിരുത്തുമെന്നാണ് ആദ്ദേഹം പറയുന്നത്. ദക്ഷിണാഫ്രിക്കാന്‍ ടി20 ലീഗായ എസ്‌എ20യുടെ കഴിഞ്ഞ പതിപ്പില്‍ ഡുപ്ലെസിസിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിരാട് കോലിയാവട്ടെ അടുത്ത കാലത്ത് കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
"കഴിഞ്ഞ എസ്‌എ20യില്‍ ഒരു മത്സരം മാറ്റിവച്ചാല്‍, ഡുപ്ലെസിസിന്‍റെ പ്രകടനം തീര്‍ത്തും സാധാരണമായിരുന്നു. ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം വിരാടും ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ, ഫാഫിനും വിരാടിനും തിളങ്ങാന്‍ കഴിയാതെ വരികയാണെങ്കില്‍ ആര്‍സിബിയ്‌ക്ക് അതു വലിയ പ്രശ്‌നമാവും. അതിനാല്‍ ഓപ്പണിങ് കോമ്പിനേഷനിൽ ഒരു മാറ്റം കണ്ടേക്കാം"- ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.