ദുബായ്: രണ്ടാമത് അണ്ടർ-19 വനിതാ ടി20 ലോകകപ്പ് 2025 ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെ മലേഷ്യയിൽ നടക്കും. ജനുവരി 19ന് വെസ്റ്റ് ഇൻഡീസിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ഉദ്ഘാടന പതിപ്പിൽ ഷെഫാലി വർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു.
ഗ്രൂപ്പ് എയിൽ ആതിഥേയരായ മലേഷ്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവയ്‌ക്കൊപ്പമാണ് വുമൺ ഇൻ ബ്ലൂ ഗ്രൂപ്പുള്ളത്. ഇംഗ്ലണ്ട്, യുഎസ്എ തുടങ്ങിയ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, സമോവ, ആഫ്രിക്കയിൽ നിന്നുള്ള ഒരു ക്വാളിഫയർ എന്നിവർ ഗ്രൂപ്പ് സിയിലും. ഗ്രൂപ്പ് ഡിയിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, സ്കോട്ട്‌ലൻഡ്, കൂടാതെ ഏഷ്യയിൽ നിന്നുള്ള ഒരു യോഗ്യതാ ടീമും ഉൾപ്പെടുന്നു. ടൂര്‍ണമെന്‍റില്‍ 41 മത്സരങ്ങളാണുള്ളത്. 16 ടീമുകൾ പങ്കെടുക്കും. ജനുവരി 13 മുതൽ 16 വരെ 16 പരിശീലന മത്സരങ്ങളും നടക്കും. അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ആതിഥേയരായ മലേഷ്യയുടെ ആദ്യ പ്രകടനവും ഐസിസി ലോകകപ്പ് ഇവന്‍റുകളിലെ ആദ്യ പ്രകടനവുമാണിത്.
നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകള്‍
- ഗ്രൂപ്പ് എ - ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, മലേഷ്യ
- ഗ്രൂപ്പ് ബി - ഇംഗ്ലണ്ട്, പാകിസ്ഥാൻ, അയർലൻഡ്, യു.എസ്.എ
- ഗ്രൂപ്പ് സി - ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ആഫ്രിക്കൻ യോഗ്യതാ ടീം, സമോവ
- ഗ്രൂപ്പ് ഡി - ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഏഷ്യൻ യോഗ്യതാ ടീം, സ്കോട്ട്‌ലൻഡ്