അര്‍ജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി ഗോൾ നേടുന്നതോടൊപ്പം മികച്ച അസിസ്റ്റ് നല്‍കുന്നതിലും മിടുക്കനാണ്. ഫുട്ബോളില്‍ ഗോളടിക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് സ്‌കോറിങ്ങിനായുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്‌കോറിങ്ങും അസിസ്റ്റിങ്ങും അപൂർവവും കൊതിപ്പിക്കുന്നതുമായ നേട്ടങ്ങളാണ്. നിലവില്‍ അസിസ്റ്റുകളിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് മെസി.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ 1-0ന് അർജന്‍റീന വിജയിച്ചപ്പോള്‍ മെസ്സി തന്‍റെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി.കളിയുടെ 55–ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്നും മെസി കൊടുത്ത മികച്ചൊരു ക്രോസ് മനോഹരമായ വോളിയിലൂടെ ലൊതാരോ മാർട്ടിനെസ് ഗോളാക്കി മാറ്റുകയായിരുന്നു. ഇത് അർജന്‍റീനയ്‌ക്കായി അന്താരാഷ്ട്ര തലത്തിൽ മെസിയുടെ 58-ാമത്തെ അസിസ്റ്റായിരുന്നു. ഇതോടെ അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന നേട്ടത്തിലേക്ക് മെസിയെത്തി.
കരിയറില്‍ 190–ാം മത്സരത്തിലാണ് താരം പുതിയ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ മുന്‍ അമേരിക്കന്‍ താരം ലാന്‍ഡന്‍ ഡോണോവാനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ലയണല്‍ മെസി. എക്കാലത്തെയും ഉയർന്ന അസിസ്റ്റ് പട്ടികയിൽ മൂന്നാമതുള്ള കളിക്കാരൻ ബ്രസീലിനായി 57 അസിസ്റ്റുകൾ നേടിയ മെസ്സിയുടെ മുൻ ബാഴ്‌സലോണ പ്രോട്ടീജ് നെയ്‌മറാണ്.
എന്നാല്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 47 അസിസ്റ്റുമായ എട്ടാമതാണ് നില്‍ക്കുന്നത്. ഹംഗറി താരങ്ങളായ ഫെറൻക് പുസ്കസ് 53 ഉം സാൻഡോർ കോസിസ് 50 അസിസ്റ്റുകളുമായി യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ബെൽജിയത്തിന്‍റെ കെവിൻ ഡി ബ്രൂയിൻ 49 അസിസ്റ്റുമായി ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഫുട്ബോള്‍ ഇതിഹാസ താരമായ പെലെ47 അസിസ്റ്റുമായി പട്ടികയില്‍ ഏഴാമതാണ്.
അതേസമയം ഇന്നലെ പെറുവിനെതിരായ വിജയത്തോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്‍റീനയുടെ എട്ടാം വിജയമാണിത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ടീം ഒന്നാംസ്ഥാനം നിലനിര്‍ത്തി. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജന്‍റീനയ്‌ക്ക് 25 പോയന്‍റാണുള്ളത്. 18 പോയിന്‍റുമായി ബ്രസീൽ അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഉറുഗ്വെ, ഇക്വഡോർ, കൊളംബിയ ടീമുകളാണ് ബ്രസീലിനു മുന്നിലുള്ളത്.