എല്ലാ വർഷവും ജൂലൈ 26ന് ദേശീയ അങ്കിൾ ആന്‍റി ദിനമായി ആചരിക്കുന്നു. അമ്മായിയും അമ്മാവനും നമ്മുടെ കുടുംബത്തിൽ വളരെ പ്രിയപ്പെട്ടവരായിരിക്കുമല്ലോ... അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ നമ്മുടെ രണ്ടാമത്തെ രക്ഷിതാക്കൾ അവരായിരിക്കും. ചിലവർക്ക് അവരുടെ എന്ത് കാര്യവും പങ്കുവയ്‌ക്കാൻ സാധിക്കുന്ന നല്ല കൂട്ടുകാരാവും അമ്മായിയും അമ്മാവനും. ഇത്തരത്തിൽ നമ്മുടെ കുടുംബത്തിന്‍റെയും ജീവിതത്തിന്‍റെയും അവിഭാജ്യ ഘടകമായി മാറിയ അമ്മായിയെയും അമ്മാവനെയും ഓർക്കുകയും ആദരിക്കുകയും ചെയ്യുകയെന്നതാണ് ഇന്നത്തെ ദിവസത്തിന്‍റെ ലക്ഷ്യം.
മാതാപിതാക്കൾ കഴിഞ്ഞാൽ നമ്മുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കണ്ടതും അതിൽ സന്തോഷിച്ചതും അവരുടെ സഹോദരി സഹോദരങ്ങളായിരിക്കും. ചിലപ്പോൾ നമുക്ക് ഓർത്തെടുക്കാൻ പറ്റാത്ത കുട്ടിക്കാലത്തെ ഓർമകൾ വീണ്ടും പറഞ്ഞു തരുന്നതും അവരായിരിക്കും. നിങ്ങളുടെ അവധിക്കാലം, ജന്മദിനാഘോഷം, ഫാമിലി ടൂർ, ഫാമിലി ഫങ്ഷനുകൾ ഇങ്ങനെ എല്ലാ അവസരങ്ങളിലും അവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.