കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്‌നം ന്യായമായ പ്രതിഫലത്തോടുകൂടിയ തൊഴിലവസരങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാണ് എന്നതാണ്. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പിഎൽഎഫ്എസ്) പ്രകാരം കഴിഞ്ഞ അഞ്ച് വർഷമായി തൊഴിൽ പങ്കാളിത്ത നിരക്ക് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും 2022-23-ൽ ഇത് 50.6 ശതമാനം മാത്രമാണ്. സ്‌ത്രീ തൊഴിൽ പങ്കാളിത്ത നിരക്കാകട്ടെ 31.6 ശതമാനവും. യുവജനങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് അസ്വീകാര്യമായ നിലയില്‍ ഉയർന്നിരിക്കുകയാണ് എന്നതിന് മതിയായ തെളിവുകളുണ്ട്. പിഎല്‍എഫ്എസ് ഡാറ്റ അനുസരിച്ച് 15- നും 29- നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്‌മ നിരക്ക് 2022-23-ൽ 12.9 ശതമാനമായിരുന്നു. .
പര്യാപ്‌തമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ വിജയിച്ച രാജ്യങ്ങളൊക്കെയും അവരുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിലും ലോക വിപണിയിൽ വലിയൊരു വിഹിതം നേടിയെടുക്കുന്നതിലുമാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ 75 വർഷമായി ഇത് തുടരുകയാണ്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ദശകങ്ങളിൽ സിംഗപ്പൂർ, കൊറിയ, തായ്‌വാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ കയറ്റുമതി-പ്രോത്സാഹന നയങ്ങൾ നടപ്പിലാക്കുകയും കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് പൂർണ്ണമായ തൊഴിൽ നേടുകയും ചെയ്‌തു.
എന്നാല്‍ ആഭ്യന്തര ഡിമാൻഡ് അപര്യാപ്‌തമായ, ചെറിയ സമ്പദ്‌വ്യവസ്ഥയായ അത്തരം രാജ്യങ്ങളുടെ മാതൃക ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് സ്വീകാര്യമല്ല എന്നായിരുന്നു അക്കാലത്തെ വിദഗ്‌ദരുടെ വാദം. എന്നാല്‍ കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള വലിയ ജനസംഖ്യ രാജ്യങ്ങള്‍, ആഗോള തലത്തില്‍ മത്സരക്ഷമത കൈവരിക്കുന്നതില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് അവര്‍ മറന്നു.
പ്രശസ്‌തമായ ഐഐടികളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ വളരെ ആശങ്കാജനകമാണ്. 2024-ൽ 33 ശതമാനം വിദ്യാർഥികളാണ് പ്ലേസ്‌ഡ് ആവാതെ പുറത്തിറങ്ങിയത്. 2023-ൽ ഇത് 18 ശതമാനം മാത്രമായിരുന്നു. സമാനമായി, ഡൽഹി ഐഐടിയിലെ ബിരുദധാരികളിൽ 22 ശതമാനം പേർക്കും ഈ വർഷം തൃപ്‌തികരമായ പ്ലേസ്‌മെന്‍റ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
തൊഴിൽ ചെയ്യുന്നവരിൽ വലിയൊരു പങ്കും സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വയം തൊഴിൽ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020-21 ൽ ഇത് 55.6 ശതമാനമായിരുന്നു. 2022-23-ൽ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ നിരക്ക് 57 ശതമാനമായി ഉയർന്നു. എന്‍എസ്ഒയിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, സ്വയം തൊഴിൽ ചെയ്യുന്നവരിൽ ഭൂരിഭാഗവും തൊഴിലില്ലായ്‌മയെ പ്രതിനിധീകരിക്കുന്നവരാണ്. കൂടാതെ, സ്വയം തൊഴിൽ ചെയ്യുന്നവരിൽ അഞ്ചിലൊന്നും(18 ശതമാനം) ഗാർഹിക സംരംഭങ്ങളിൽ ശമ്പളമില്ലാത്ത സഹായികളാണ്. ഇന്ത്യയിലെ തൊഴിലില്ലായ്‌മയെക്കുറിച്ചുള്ള യഥാർത്ഥ ബോധം ലഭിക്കുന്നതിന് ഈ വിഭാഗത്തിന്‍റെ വ്യാപനം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആശങ്കാജനകമെന്ന് പറയട്ടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വയം തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ജോലിസ്ഥലത്തെ ദുരിതത്തിന്‍റെ ഫലം കൂടിയാണ് എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ അഞ്ച് വർഷമായി കാർഷിക തൊഴിലില്‍ ഏര്‍പ്പെട്ടവരുടെ വർദ്ധനയും ഇതിന്‍റെ ഫലമാണ്. കാര്‍ഷിക മേഖലയിലെ തൊഴിലാളി വര്‍ധമവ് നഗരങ്ങളിലെ ഉൽപ്പാദന മേഖലയിലെ തൊഴിലവസരങ്ങളുടെ അഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്. രാജ്യത്ത് തൊഴിലില്ലായ്‌മ പ്രശ്‌നമുണ്ടെന്ന് നിഷേധിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ യുവജനങ്ങളുടെ അഭിലാഷങ്ങളെയാണ് നശിപ്പിക്കുന്നത്. എന്നാൽ അതിലും പ്രധാനമായ കാര്യം, ഉടന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അടിസ്ഥാന പ്രശ്‌നത്തിൽ നിന്നും ഇത്തരം നിഷേധങ്ങള്‍ ശ്രദ്ധ വ്യതിചലിപ്പിക്കുന്നു എന്നതാണ്.
വ്യത്യസ്‌ത തരത്തിലുള്ള പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും സൗജന്യ ധാന്യ വിതരണവുമൊന്നും സുരക്ഷിതമായ ജോലിയും സ്ഥിരവരുമാനവും ലഭിക്കുന്നതിന് പകരമാവില്ല. ആനുകൂല്യങ്ങളെ ഒക്കെയും താത്കാലികമായി കാണുകയാണ് വേണ്ടത്. ഇവ സ്വീകർത്താക്കളുടെ ആത്മാഭിമാനത്തെ നിന്ദിക്കുന്നത് കൂടിയാണെന്നും ഓര്‍ക്കണം.
ധാന്യ വിതരണം ഉപജീവനത്തിന് സഹായിക്കുമെങ്കിലും വസ്‌ത്രം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള മറ്റ് അവശ്യ ചെലവുകൾക്ക് ഇവ തീർച്ചയായും പര്യാപ്‌തമല്ല. കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിൽ, ഔപചാരിക തൊഴിലവസരങ്ങള്‍ കാര്യമായി വളരാത്തതിനാല്‍ താഴ്ന്ന വരുമാനമുള്ളവര്‍ക്ക് വരുമാനത്തില്‍ വർദ്ധനവുണ്ടാക്കാനാകുന്നതായി കാണുന്നില്ല. അതിനാൽ, താരതമ്യേന ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് നിലനിർത്തുന്നതില്‍ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഇന്ത്യ ഇപ്പോഴും ഏകദേശം 3000 ഡോളർ പ്രതിശീർഷ വരുമാനത്തിൽ തുടരുന്ന താഴ്ന്ന വരുമാനമുള്ള ഒരു സമ്പദ്‌വ്യവസ്ഥയാണ്. ഈ ഘട്ടത്തില്‍ ആഭ്യന്തര നിക്ഷേപകർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ താരതമ്യപ്പെടുത്താവുന്ന സ്‌കെയിലുകൾ കൈവരിക്കുന്നതിനും ബാഹ്യ ഡിമാൻഡ് ഉപയോഗിക്കുന്ന രീതിക്ക് പകരം വെക്കാൻ മറ്റൊന്നില്ല. സ്വയംതൊഴിൽ ഒഴികെയുള്ള നല്ല നിലവാരമുള്ള ജോലികൾ സൃഷ്‌ടിക്കുന്നതിന്, ആഗോള ചരക്ക് വ്യാപാരത്തിൽ പങ്ക് വിപുലീകരിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഉൽപ്പാദന മേഖലയിലെ കയറ്റുമതി വിപുലീകരണം തൊഴിലാളികളുടെ ഡിമാൻഡ് ഉയര്‍ത്തുന്നതിനും ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും കാർഷിക മേഖലയിൽ നിന്ന് തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനും കാരണമാകും. അതെ, ടൂറിസത്തിൽ നിന്നുള്ള വരുമാനം വിപുലീകരിക്കുന്നത് ഉൾപ്പെടെയുള്ള സേവന കയറ്റുമതിയിലെ വളർച്ച തീർച്ചയായും സഹായിക്കും. എന്നാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും സേവന കയറ്റുമതിക്ക് കഴിയുമെന്ന വാദത്തിൽ യാതൊരു വസ്‌തുതയുമില്ല. അതെ, റോബോട്ടൈസേഷനും എഐയും റീ-ഷോറിങ്ങും കയറ്റുമതിയില്‍ അതിഷ്‌ഠിതമായ തൊഴിൽ സൃഷ്‌ടിക്കുന്നതിന് തടസങ്ങളാണ് എന്നത് ശരിയാണ്. എന്നാൽ അതിന് ബദലുകളൊന്നുമില്ലാത്തതിനാൽ, മറ്റ് രാജ്യങ്ങൾ അവലംബിച്ചത് പോലുള്ള കയറ്റുമതി-നേതൃത്വ തന്ത്രം നാം കണ്ടെത്തണം.
സംസ്ഥാനങ്ങള്‍ നിർദ്ദിഷ്‌ട കയറ്റുമതി പ്രോത്സാഹന നയങ്ങൾ രൂപപ്പെടുത്തുക എന്നതാണ് മുന്നോട്ടുള്ള വഴി. ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു സമ്പദ്‌വ്യവസ്ഥയിൽ, ഒരു പാൻ-ഇന്ത്യ കയറ്റുമതി പ്രോത്സാഹന നയം തീർച്ചയായും ഉപയുക്തമാണ്. ഇത്തരം നയങ്ങൾ പ്രത്യേക നിയന്ത്രണങ്ങൾ പരിഹരിക്കുകയും സംസ്ഥാനങ്ങളുടെ മത്സരാതിഷ്‌ഠിതമായ നേട്ടങ്ങൾ കണക്കിലെടുക്കുകയും ചെയ്യും. ഇത് ആവിഷ്‌കരിക്കാവുന്ന ഒരു പദ്ധതിയാണ്.