ഭാരതീയ ജനതാ പാര്‍ട്ടിക്ക് അവകാശവാദമുയര്‍ത്തിയത് പോലെ നാനൂറ് സീറ്റ് നേടാനായില്ല. എങ്കിലും ഡല്‍ഹിയില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ രൂപീകരിക്കപ്പെടുന്ന സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യം കണ്ടു കൊണ്ടിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ പോലെ ആകില്ല. പുതിയ എന്‍ഡിഎ സര്‍ക്കാര്‍ പലത് കൊണ്ടും വ്യത്യസ്‌തമാണ്.
അതില്‍ ഏറ്റവും പ്രധാനം ഇക്കുറി ബിജെപി രൂപീകരിക്കുക ഒരു സഖ്യ സര്‍ക്കാരാകും എന്നത് തന്നെയാണ്. സ്വന്തം നിലയ്ക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിക്ക് 42 സീറ്റിന്‍റെ കുറവുണ്ട്. ഇത് കൂടി നേടിയിരുന്നുവെങ്കില്‍ മാത്രമേ 272 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപിക്ക് എത്താനാകുമായിരുന്നുള്ളൂ. രണ്ടാമതായി ബിജെപിക്ക് മൂന്ന് സഖ്യകക്ഷികളുടെ പിന്തുണ കൂടിയേ തീരൂ. അതിനായി ഇവര്‍ക്ക് ഏതറ്റം വരെയും പോകേണ്ടി വരും. നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു, ജയന്ത് ചൗധരി എന്നിവരെ പിണക്കാതിരുന്നാല്‍ മാത്രമേ കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യയിലേക്ക് സഖ്യം എത്തൂ. ഇതിനെല്ലാം പുറമെ ഭരണത്തിനായി ഒരു പൊതു മിനിമം പരിപാടിയും വേണം.
നാനൂറ് സീറ്റുകള്‍ സ്വന്തമാക്കുക എന്ന സ്വപ്‌നത്തിനപ്പുറം 2027 വരെ അധികാരത്തില്‍ തുടരാമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയ ബിജെപിക്ക് ഇത്രയും കനത്ത തിരിച്ചടിയുണ്ടാകാനുള്ള കാരണമെന്താണ്? തെരഞ്ഞെടുപ്പും ജനാധിപത്യവും ഭാവിയിലേക്കുളള ഇടനാഴികളെ കരുത്തുറ്റതാക്കുന്നതിനുമപ്പുറം അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കണക്ക് പറയാനുള്ള അവസരം കൂടിയാണ്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോല്‍ 2024 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് പറയേണ്ടി വരും. ഇവര്‍ക്ക് തിരിച്ചടി നേരിട്ട മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിനായി.
ഉത്തര്‍പ്രദേശിലും ഇതാണ് സംഭവിച്ചത്. താനല്ലാതെ മറ്റാരും മത്സരിക്കുന്നില്ലെന്ന മട്ടിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോയത്. പാര്‍ട്ടിയിലെ മറ്റ് സ്ഥാനാര്‍ത്ഥികളെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു പരിഗണനയും ഉണ്ടായിരുന്നുമില്ല. ഈ കാഴ്‌ചപ്പാട് പക്ഷേ വോട്ടര്‍മാര്‍ക്ക് ഉണ്ടായില്ല. അവര്‍ ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെയും അവരുടെ പ്രകടനം വച്ച് വിലയിരുത്തി. പല എംപിമാരെയും ബിജെപി മാറ്റിപ്പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടായില്ല. ഇവരില്‍ ചിലരെ വരത്തരായി തന്നെ ഇവിടുത്തെ ജനങ്ങള്‍ പരിഗണിച്ചു. ഇവര്‍ക്ക് വോട്ടര്‍മാര്‍ കനത്ത പ്രഹരം ഏല്‍പ്പിക്കുകയും ചെയ്‌തു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇവിടുത്ത മതവിഷയങ്ങളാണ് ഇവരുടെ അധികാരത്തിലേക്കുള്ള യാത്ര സുഗമമാക്കിയത്.
രാമക്ഷേത്രം മോദി രാജ്യത്തിന് സമര്‍പ്പിച്ചത് 2024 ജനുവരി 22 നാണ്. ആ ദിവസം തന്നെ രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠയ്ക്കായി തെരഞ്ഞെടുത്തത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിയെ സഹായിക്കുമെന്ന കണക്കു കൂട്ടലിലാണ്. സംസ്ഥാനത്ത് ഒരു സന്യാസി തന്നെ മുഖ്യമന്ത്രിക്കസേരയിലുള്ളതും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് അവര്‍ കണക്കുകൂട്ടി. മുഖ്യമന്ത്രി ആദിത്യനാഥ് ബിജെപിക്ക് വേണ്ട എല്ലാ സഹായങ്ങളുമായി മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം തങ്ങളുടെ നേട്ടമായി ബിജെപി എടുത്ത് കാട്ടി. എന്നാല്‍ അത് വേണ്ടത്ര എറിച്ചില്ല. പിന്നെ മറ്റൊരു തെരഞ്ഞെടുപ്പ് വിഷയം കണ്ടെത്താനായി ബിജെപിയുടെ ശ്രമം. എന്നാല്‍ ഓരോ ചുവടിലും ബിജെപിക്ക് പിഴയ്ക്കുന്ന കാഴ്‌ചയാണ് പിന്നെ കാണാനായത്. പ്രധാനമന്ത്രി ഉപയോഗിച്ച ഓരോ വര്‍ഗീയ ഭാഷയും മുസ്‌ലിങ്ങളെക്കുറിച്ചുള്ള ഭയം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.
മുന്‍കാലങ്ങളില്‍ ഇത് ബിജെപി പരീക്ഷിച്ച് വിജയിച്ചിട്ടുള്ള തന്ത്രമാണ്. കഴിഞ്ഞ വര്‍ഷം ഛത്തീസ്‌ഗഡിലും മധ്യപ്രദേശിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇസ്രയേല്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ ഇതിനായി ഇവര്‍ കൂട്ടുപിടിച്ചു. ഭൂരിപക്ഷ ജനതയില്‍ ഉത്കണ്‌ഠ സൃഷ്‌ടിക്കലായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇതിനൊന്നും യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നുവെങ്കിലും ബിജെപിക്ക് ഇതില്‍ നിന്ന് നേട്ടമുണ്ടാക്കാനായി എന്നതാണ് വാസ്‌തവം.