കേരളം

kerala

ETV Bharat / opinion

നിര്‍മ്മിത ബുദ്ധി വിപ്ലവം; സാങ്കേതിക ശക്തി കേന്ദ്രമാകാന്‍ ആന്ധ്രാപ്രദേശ് - AI revolution andhra pradesh

അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പൊതു വിവരങ്ങള്‍, സ്വകാര്യ-പൊതു നിക്ഷേപങ്ങള്‍, അക്കാദമിക് കാര്യങ്ങള്‍, ജനങ്ങള്‍ എന്നിവയെ സംയോജിപ്പിച്ച് നിര്‍മ്മിത ബുദ്ധി (Artificial Intellegence-AI) പ്രശ്ന പരിഹാരങ്ങളുണ്ടാക്കാന്‍ ആന്ധ്രാപ്രദേശ്. ഇതിനായി പ്രാദേശിക കഴിവുകളും ഉപയോഗിക്കും. ഈ സഹവര്‍ത്തിത്വത്തിലൂടെ നൂതന ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും നിര്‍മ്മിത ബുദ്ധി ഉത്പന്നങ്ങളെ കയറ്റി അയക്കാനുമാകും. ഇത് വഴി പുതിയ വരുമാന മാര്‍ഗങ്ങളും സൃഷ്‌ടിക്കാന്‍ സാധിക്കും. ഇതിന് പുറമെ സംസ്ഥാനത്തെ നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ നേതൃത്വ സ്ഥാനത്തേക്ക് കൊണ്ടുവരാനും സാധിക്കും. കിഷോര്‍ കൊമ്മി ഐപിഎസ് എഴുതുന്നു.

The AI Revolution  നിര്‍മ്മിത ബുദ്ധി വിപ്ലവം  കിഷോര്‍ കൊമ്മി ഐപിഎസ്  Artificial Intellegence
നിര്‍മ്മിത ബുദ്ധി വിപ്ലവം; സാങ്കേതിക ശക്തി കേന്ദ്രമാകാന്‍ ആന്ധ്രാപ്രദേശ് (ETV Bharat)

By ETV Bharat Kerala Team

Published : Jul 5, 2024, 1:26 PM IST

1990കളുടെ രണ്ടാം പകുതിയിലും 2000ത്തിന്‍റെ ആദ്യഘട്ടത്തിലും ആന്ധ്രാപ്രദേശ് ഒരു സാങ്കേതിക നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയില്‍ ഇത് ഒരു പുത്തന്‍ ഉണര്‍വുണ്ടാക്കി. ഹൈദരാബാദിലെ ഹൈടെക് സിറ്റി വഴി ഉണ്ടായ ഐടി ബൂമിന് നന്ദി പറയാം. അടിസ്ഥാന സൗകര്യ രംഗത്തെ തന്ത്രപരമായ നിക്ഷേപങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം, ഐടി നൈപുണ്യത്തിന് പ്രത്യേക ഊന്നല്‍, ഇവയ്ക്ക് പിന്തുണ നല്‍കാന്‍ നിരവധി എന്‍ജിനീയറിങ് കോളജുകള്‍ എന്നിവ അവിഭക്ത ആന്ധ്രാപ്രദേശിനെ ഐടി രംഗത്തെ പ്രധാനിയാക്കി മാറ്റി.

സമാനമായ അവസരമാണ് ഇപ്പോള്‍ നിര്‍മ്മിത ബുദ്ധി വിപ്ലവത്തിലൂടെയും സംസ്ഥാനത്ത് സംഭവിക്കുന്നത്. വിഭജനത്തിന് മുമ്പുണ്ടായിരുന്ന പ്രതാപകാലം തിരികെ പിടിക്കാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഐടി ബൂമില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ എഐ തരംഗത്തിലൂടെ സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാന്‍ പ്രേരകമാകണം. എഐ ഗവേഷണം, അടിസ്ഥാന സൗകര്യവികസനം, നൈപുണ്യം എന്നിവ നാല് പി തന്ത്രം (പബ്ലിക്, പ്രൈവറ്റ്, പീപ്പിള്‍ പാര്‍ട്ട്ണര്‍ഷിപ്പ്) വഴി ആന്ധ്രാപ്രദേശില്‍ മുന്‍ വിജയം ആവര്‍ത്തിക്കാനും നിര്‍മ്മിത ബുദ്ധിയിലെ നൂതന നേതൃത്വത്തിലേക്ക് എത്തിക്കാനുമാകും.

4പി തന്ത്രത്തിന്‍റെ കരുത്ത്

എഐ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അനുകൂലമായ പരിസ്ഥിതി സൃഷ്‌ടിക്കുക എന്നതാണ് 4പി തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുവിവരങ്ങളും പ്രശ്നങ്ങളും സ്വകാര്യ-പൊതു നിക്ഷേപങ്ങള്‍, അക്കാദമിക്, ജനങ്ങള്‍ എന്നിവയിലൂടെ ആന്ധ്രാപ്രദേശിന് പ്രാദേശിക കഴിവുകള്‍ ഉപയോഗിച്ച് പ്രത്യേക ആവശ്യങ്ങള്‍ക്കായി എഐ വികസിപ്പിക്കല്‍ പ്രോത്സാഹിപ്പിക്കാനാകും. ഈ സഹവര്‍ത്തിത്വം പുത്തന്‍ ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാനും എഐ ഉത്പന്നങ്ങള്‍ കയറ്റി അയക്കാനും സഹായിക്കും. ഇത് പുത്തന്‍ വരുമാന മാര്‍ഗങ്ങള്‍ തുറന്ന് നല്‍കുകയും സംസ്ഥാനത്തെ എഐ സാങ്കേതികതയിലെ നേതൃത്വ സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യും.

ഹരിതഗേഹങ്ങളിലെ കീടാണു ബാധ സംബന്ധിച്ച പ്രവചനം നടത്തുന്ന എഐ ഉത്പന്നമായ പ്ലാന്‍ടെക്‌ട് 4പി സ്ട്രാറ്റജിയിലെ മികച്ച ഒരുദാഹരണമാണ്. ഇത് ജപ്പാനിലെ കര്‍ഷകര്‍ക്ക് വളരെ സഹായകമാകുന്നു. ഒരു കൊല്ലത്തിനകമാണ് ഈ ആശയം യാഥാര്‍ത്ഥ്യമായത്. നിരവധി രാജ്യങ്ങളിലേക്ക് ഇത് കയറ്റി അയക്കപ്പെട്ടു.

ഈ വേഗത ആര്‍ജിക്കാനായത് നൂതന കണ്ടുപിടിത്തങ്ങള്‍ക്കായി പൊതു സര്‍വകലാശാലകളും സര്‍ക്കാര്‍ കാര്‍ഷിക വിദഗ്‌ധരും വിവരങ്ങള്‍ നല്‍കിയത് കൊണ്ടാണ്. ഇതിനിടെ സ്വകാര്യ മേഖലയും വേഗത്തില്‍ പദ്ധതികള്‍ വികസിപ്പിക്കുകയും ഉത്പന്നങ്ങള്‍ ഇറക്കുകയും ചെയ്‌തു. കാര്‍ഷിക ഗവേഷണത്തിനായി ജപ്പാന്‍റെ ഗ്രാന്‍റും സഹായകമായി. എഐയുടെ ആദ്യ ഗുണഭോക്താക്കളായി കര്‍ഷകര്‍ മാറി. ഇതുമായി ബന്ധപ്പെട്ട എല്ലാവരും വിജയിച്ചു.

എപിഐ സമ്പദ്ഘടന: നൂതന കണ്ടുപിടിത്തങ്ങള്‍ക്കായി പൊതു വിവരങ്ങള്‍ തേടല്‍

എഐ കാലത്ത് ആന്ധ്രാപ്രദേശിന് ഇതിന്‍റെ എപിഐ സമ്പദ്ഘടന തുറക്കാനുള്ള ശേഷിയുണ്ട്. നിര്‍മ്മാതാക്കള്‍ക്കായി എപിഐകളിലൂടെ പൊതു വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ സംസ്ഥാനത്തിന് പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്കും പുത്തന്‍ വ്യവസായ അവസരങ്ങള്‍ തുറക്കുന്നതിനും സാധിക്കും. സ്വകാര്യതയും സമ്മതവും നിലനിര്‍ത്തിക്കൊണ്ടാകണമത്.

എപിഐകള്‍ വഴി സിസിടിഎന്‍എസ് വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഡെവലപ്പര്‍മാര്‍ക്ക് തൊഴിലാളികളുടെ വിവരങ്ങള്‍ വിലയിരുത്താനാകും. വൈവാഹിക സേവനങ്ങള്‍ക്കും ഇതുപയോഗിക്കാന്‍ സാധിക്കും. ഓരോ എപിഐയിലൂടെ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നു. പൊതു വിവരങ്ങള്‍ വിലപിടിപ്പുള്ള സാമ്പത്തിക വിഭവങ്ങളായി മാറ്റപ്പെടുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപന ശൃംഖലയ്ക്കും എഐ ഉപയോഗിക്കാനും വ്യത്യസ്‌തമായ പഠനാനുഭവം സമ്മാനിക്കാനുമാകും. വിദ്യാര്‍ഥികള്‍ക്കും അവരുടെ പഠന ശൈലി മാറ്റാനും മറ്റും എഐ സഹായിക്കും. ഇതോടെ വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തടയാനും കഴിയും. വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കാനും എഐയ്ക്ക് ആവശ്യമായ നൈപുണ്യ തൊഴില്‍ സേനയെ വാര്‍ത്തെടുക്കാനും സാധിക്കും.

പൊതുമേഖലയിലെ പ്രശ്‌നങ്ങള്‍; കണ്ടുപിടിത്തങ്ങള്‍ക്കുള്ള ഭൂമിക

പൊതുമേഖല നേരിടുന്ന വെല്ലുവിളികള്‍ പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്കുള്ള അവസരമാക്കി മാറ്റാനും എഐ പരിഹാരം കണ്ടെത്തിക്കൊണ്ട് സംസ്ഥാനത്തിന്‍റെ ഉത്പാദന ക്ഷമത വര്‍ധിപ്പിച്ച് സമ്പദ്ഘടനയ്ക്ക് കരുത്ത് പകരാനാകും. അമരാവതി തന്നെ ഉദാഹരണമായി എടുത്താല്‍ പുത്തന്‍ സംസ്ഥാനം ഒരിക്കലും സര്‍ക്കാരിന്‍റെ ആസ്ഥാനമല്ല മറിച്ച് കണ്ടുപിടിത്തങ്ങള്‍ക്കുള്ള ഒരു ശൂന്യമായ ഇടമാണ്.

ഗതാഗത നിയന്ത്രണത്തിന് എഐയെ ഉപയോഗിക്കുന്നത് ഒരു സങ്കല്‍പ്പിച്ച് നോക്കൂ, ഇത് വഴി തത്സമയ വിവരങ്ങള്‍ പരിശോധിച്ച് വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാനാകും, പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാകും. മാലിന്യനിര്‍മാര്‍ജ്ജനത്തിന് എഐ ഉപയോഗിച്ചാല്‍ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കാനാകും. ശബ്‌ദത്തെ അടിസ്ഥാനമാക്കി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനത്തില്‍ എഐ ഉപയോഗിക്കുന്നതിലൂടെ സങ്കീര്‍ണമായ ഫോമുകളും മറ്റ് രേഖകളും ഒക്കെ ഉപയോഗിക്കുന്നത് ഒഴിവാക്കാനാകും.

ഇവ ഭാവിയുടെ ആശയങ്ങളല്ല. മറിച്ച് അമരാവതിയെ എഐയിലൂടെ നാഗരിക വികസനത്തിലേക്ക് എത്തിക്കാനുള്ള കര്‍മ്മ പദ്ധതികളാണ്. ആരോഗ്യ പരിരക്ഷണത്തിനും എഐയെ ഉപയോഗിക്കാം. ഇതിലൂടെ പൊതുമേഖല ഈ രംഗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. എഐയിലൂടെ ടെലിമെഡിസിന്‍ സേവന സംവിധാനം ഉപയോഗിച്ച് രോഗികളെ പരിശോധിക്കാനും രോഗനിര്‍ണയം നത്താനും സാധിക്കും.

പ്രത്യേകിച്ച് പിന്നാക്ക മേഖലകളില്‍. രോഗിയുടെ വിവരങ്ങള്‍ പരിശോധിച്ച് എഐ അല്‍ഗോരിതം ഉപയോഗിച്ച് രോഗ സാധ്യത പ്രവചിക്കുന്നു. ഇതിലൂടെ കൃത്യസമയത്ത് ചികിത്സ നല്‍കാനും സാധിക്കുന്നു. ഇത് വഴി നഗര-ഗ്രാമീണ മേഖലകളിലെ ആരോഗ്യ പരിരക്ഷ സംവിധാനങ്ങളുടെ വ്യത്യാസങ്ങളും ഇല്ലാതാകുന്നു. എല്ലാവര്‍ക്കും ഇവ പ്രാപ്യമാക്കുന്നു.

തൊഴില്‍ സൃഷ്‌ടിയും സാമ്പത്തിക വളര്‍ച്ചയും

എഐയിലൂടെ ആന്ധ്രാപ്രദേശിന് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനാകുന്നു. പ്രത്യേകിച്ച് സാങ്കേതിക -സേവന മേഖലകളില്‍. നിലവിലുള്ള തൊഴില്‍ സേനയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും എഐയ്ക്ക് സാധിക്കുന്നു. ഇതിന് കുറഞ്ഞ നിക്ഷേപം മാത്രമേ ആവശ്യമുള്ളൂ. കാബ് ഡ്രൈവറോ ഗൈഡോ എഐയുടെ സഹായത്തോടെ വിദേശ ഭാഷയില്‍ ആശയവിനിമയം നടത്തുകയാണെങ്കില്‍ ഇത് വിനോദസഞ്ചാര രംഗത്ത് മികച്ച രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരും.

ഇത്തരത്തില്‍ എഐ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടന പുത്തന്‍ റോളുകളിേലക്കും മാറുന്നു. അത് ഈ ഘട്ടത്തില്‍ നമുക്ക് സങ്കല്‍പ്പിക്കാനാകില്ല. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. എഐ എന്നത് അത്യാന്താപേക്ഷിതമായിരിക്കുന്നു. എഐ വരുന്നതോടെ ബിപിഒ കോള്‍ സെന്‍ററുകള്‍ പോലുള്ളവരുടെ തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. ഈ മാറ്റത്തിന് നമ്മുടെ സമ്പദ്ഘടന തയാറെടുത്തില്ലെങ്കില്‍ തൊഴില്‍ നഷ്‌ടത്തിനും കാരണമാകും.

എഐ പരിശീലന പരിപാടികളിലൂടെ ആന്ധ്രാപ്രദേശിന് തങ്ങളുടെ തൊഴില്‍ സേനയെ നൈപുണ്യമുള്ളവരാക്കാനും ഒരു എഐ സമ്പദ്ഘടനയ്ക്ക് അനുയോജ്യരാക്കാനും സാധിക്കുന്നു. നിരന്തര പഠനവും പുനര്‍നൈപുണ്യ പരിപാടികളും വഴി മാത്രമേ എഐ കൊണ്ടു വരുന്ന പുത്തന്‍ അവസരങ്ങള്‍ ഉപയോഗിക്കാനാകൂ.

ഭാവിയിലേക്കുള്ള കാഴ്‌ചപ്പാട്

എഐയിലേക്ക് എത്തുന്നതിന് മുന്നോടിയായി വിഭജനത്തിന്‍റെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ആന്ധ്രാപ്രദേശിനാകണം. സംസ്ഥാനത്തിന്‍റെ വരുമാനം മെച്ചപ്പെടുത്തണം. സുസ്ഥിര വികസനം കൈവരിക്കണം. ആന്ധ്രയുടെ ഭാവി പ്രകാശമാനമാണ്. വ്യക്തമായ കാഴ്‌ചപ്പാടോടെയും തന്ത്രപരമായ സമീപനങ്ങളിലൂടെയും സംസ്ഥാനത്തിന് കണ്ടുപിടിത്തങ്ങളുടെ കേന്ദ്രമായി മാറാനാകും. സാമ്പത്തിക വികസനവും സാധ്യമാകും.

പൗരന്‍മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും. എഐ വിപ്ലവം എത്തിക്കഴിഞ്ഞു. ആന്ധ്രാപ്രദേശ് ആ വഴി പോകാന്‍ തയാറെടുത്തിരിക്കുന്നു. പുത്തന്‍ പരീക്ഷണങ്ങളിലൂടെയും ആശയങ്ങളിലൂടെയും കയറ്റി അയക്കലിലൂടെയും ആന്ധ്രപ്രദേശിന് എഐ രംഗത്ത് ആഗോളനേതാവായി മാറാനാകും.

മുന്നോട്ടുള്ള യാത്രകള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ കൃത്യമായ നിക്ഷേപങ്ങളിലൂടെയും പ്രതിജ്ഞാബദ്ധമായ കാഴ്‌ചപ്പാടുകളിലൂടെയും ഈ വെല്ലുവിളികളെ സംസ്ഥാനത്തിന് അവസരങ്ങളാക്കി മാറ്റാനാകും. എല്ലാവര്‍ക്കും അനുകരിക്കാവുന്ന ഒരു മാതൃകയാകാനും സാധിക്കും. ആന്ധ്രാപ്രദേശിലനെ സംബന്ധിച്ചിടത്തോളം ഭാവിയിലേക്കുള്ള ഒരു ആവശ്യകതയാണ് എഐ. ആന്ധ്രാപ്രണേഴ്സില്‍ നിന്ന് സംസ്ഥാന സമ്പദ്ഘടനയെ എഐപ്രണേഴ്‌സിലേക്കും കൊണ്ടെത്തിക്കാനാകും.

കിഷോര്‍ കൊമ്മി, പ്ലാന്‍ടെകിന്‍റെ പേറ്റന്‍റ് ഹോള്‍ഡര്‍ ആണ്. ലേഖനത്തിലെ അഭിപ്രായങ്ങള്‍ ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടല്ല.

Also Read:ഓസ്റ്റിയോപൊറോസിസ് കണ്ടെത്താന്‍ എഐ; കണ്ടുപിടിത്തവുമായി ടുലെയ്ൻ സർവകലാശാലയിലെ ശാസ്‌ത്രജ്ഞര്‍

ABOUT THE AUTHOR

...view details