നല്ല കട്ടിയുള്ളതും കറുത്തതുമായ പുരികം ഇഷ്ട്ടപെടുത്താവരായി ആരെങ്കിലുമുണ്ടോ ? മുഖത്തിന്‍റെ ഭംഗി നിലനിർത്തുന്നതിൽ പുരികങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ കറുത്ത കട്ടിയുള്ള പുരികങ്ങൾ ലഭിക്കാനായി പല വഴികളും പരീക്ഷിക്കുന്നവരാണ് മിക്കവരും. എന്നാൽ ഇനി ദിവസങ്ങൾക്കുള്ളിൽ ഭംഗിയുള്ള പുരികം നിങ്ങൾക്കും സ്വന്തമാക്കാം. അതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങുകൾ എന്തൊക്കെയെന്ന് നോക്കാം.
ആവണക്കെണ്ണ
പുരികങ്ങളുടെ വളർച്ചയ്ക്കും കട്ടിയുള്ളതുമായിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. റിസിനോലെയിക് ആസിഡ് ആവണക്കെണ്ണയിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോമകൂപങ്ങൾ പോഷിപ്പിക്കാൻ ഇത് സഹായിക്കും. പുരികങ്ങളുടെ വളർച്ച വർധിപ്പിക്കുന്നതിന് പതിവായി ആവണക്കെണ്ണ പുരികങ്ങളിൽ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
വെളിച്ചെണ്ണ
വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് വെളിച്ചെണ്ണ. ആന്‍റി മൈക്രോബയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ പുരികങ്ങളുടെ വളർച്ചയ്ക്കും വെളിച്ചെണ്ണ സഹായിക്കും. അതിനായി അൽപം വെളിച്ചെണ്ണ പുരികത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. പുരികങ്ങൾ കൊഴിയുന്നത് തടയാനും രക്തയോട്ടം കൂട്ടാനും ഇത് ഗുണം ചെയ്യും.
ഒലിവ് ഓയിൽ
ഒലിവ് ഓയിലിൽ വിറ്റാമിൻ എ, ഇ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പുരികത്തിന്‍റെ വളർച്ച മെച്ചപ്പെടുത്താനും ഈർപ്പമുള്ളതായി നിലനിർത്താനും സഹായിക്കും. പുരികത്തെ ശക്തിപ്പെടുത്താനും ഒലിവ് ഓയിൽ ഫലപ്രദമാണ്. അതിനായി രാത്രി കിടക്കുന്നതിന് മുമ്പ് ഇളം ചൂടുള്ള ഒലിവ് ഓയിൽ പുരികത്തിൽ പുരട്ടി മസാജ് ചെയ്യുക.